മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ അറസ്റ്റിലായ 2 തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. നാസറിന്റെ ബോട്ടിന് ചട്ടങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്താന്‍ വഴിവിട്ട് സഹായം ചെയ്തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തുമ്പോള്‍ തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിനെയും സര്‍വേയര്‍ സെബാസ്റ്റ്യനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ ബോട്ടുടമ നാസറിനും ജീവനക്കാര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇതോടെ ഉദ്യോഗസ്ഥരടക്കം പ്രതികളായ എല്ലാവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി.
കേരളം നടുങ്ങിയ താനൂര്‍ ബോട്ട് ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഉദ്യോഗസ്ഥരെക്കൂടി കേസില്‍ കൂട്ടുപ്രതികള്‍ ആക്കുന്നത്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് അപകടത്തില്‍പ്പെട്ട അറ്റ്ലാന്റിക്ക ബോട്ട് സര്‍വീസ് നടത്തിയതെന്ന് തെളിയിക്കുന്ന രേഖകള്‍ ബേപ്പൂര്‍ ആലപ്പുഴ തുറമുഖ ഓഫീസുകളില്‍ നിന്ന് നേരത്തെ തന്നെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. മത്സ്യ ബന്ധന ബോട്ട് പൊന്നാനിയിലെ അനധികൃത യാര്‍ഡില്‍ വെച്ചു രൂപമാറ്റം വരുത്തുന്ന ഘട്ടത്തില്‍ തന്നെ ഇതിനെതിരെ പരാതി ലഭിച്ചിരുന്നു. അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ അനുമതികള്‍ നല്‍കിയെന്നാണ് ബേപ്പൂര്‍ പോര്‍ട്ട് കാന്‍സര്‍വേറ്റര്‍ ആയ പ്രസാദിനെതിരെയുള്ള കണ്ടെത്തല്‍. പരാതികള്‍ ലഭിച്ച കാര്യം ഒരിടത്തും രേഖപ്പെടുത്തിയില്ല. ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യനും വീഴ്ചകള്‍ വരുത്തി.