ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. 27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടിയെ ജീവനോടെ പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കി കുഞ്ഞിനെ ദത്തു നല്‍കുന്നതു വരെയുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഗുജറാത്ത് സര്‍ക്കാരിനാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിയുടെ അടിയന്തര സ്വഭാവം പരിഗണിച്ച് ഇന്ന് ആദ്യ കേസായാണ് സുപ്രീം കോടതി ഇതു പരിഗണിച്ചത്.
ഇന്ത്യയില്‍ ഗര്‍ഭധാരണമെന്നത് വിവാഹിതരായ ദമ്പതികള്‍ക്കും സമൂഹത്തിനും സന്തോഷത്തിന്റെ ഉറവിടമാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം വിവാഹിതയല്ലാത്ത സ്ത്രീക്ക് കുഞ്ഞു വേണ്ട എന്ന ഘട്ടത്തിലാണ് ഗര്‍ഭധാരണമെങ്കില്‍, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതു ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭഛിദ്രത്തിന് സുപ്രീം കോടതി അനുമതി നല്‍കിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷനായ ബെഞ്ച് ഈ ഹര്‍ജി പരിഗണിച്ചത്. ഒരിക്കല്‍കൂടി വൈദ്യപരിശോധനയ്ക്കു വിധേയയാകാന്‍ ഹര്‍ജിക്കാരിയോടു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ട് ഞായറാഴ്ച വൈകിട്ട് 6ന് അകം കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച സുപ്രീം കോടതി, ഹര്‍ജി ഇന്നു രാവിലെ ആദ്യകേസായി പരിഗണിക്കുമെന്നും അറിയിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ്, ഗര്‍ഭഛിദ്രം നടത്താന്‍ ഹര്‍ജിക്കാരിക്ക് അനുമതി നല്‍കിയത്.
സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഈ കേസില്‍ ഗുജറാത്ത് സര്‍ക്കാരിനായി ഹാജരായത്. കുട്ടി ജനിച്ചാല്‍ അതിനെ ഏറ്റെടുത്ത് ദത്ത് നടപടികള്‍ ഉള്‍പ്പെടെ ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ യാതൊരു വിധ നടപടികളും സുപ്രീം കോടതി സ്വീകരിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.