ഖര്‍തൂം: കൊടുമ്പിരികൊണ്ട യുദ്ധത്തിന് ഇടവേള നല്‍കി സുഡാന്‍. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും (ആര്‍എസ്എഫ്) സൈന്യവും തമ്മിലുള്ള യുദ്ധം ശനിയാഴ്ച 24 മണിക്കൂര്‍ നേരത്തേക്കാണ് നിര്‍ത്തിവയ്ക്കുന്നത്. സൗദി അറേബ്യയുടെയും യുഎസിന്റെയും പരിശ്രമത്തിനൊടുവിലാണ് രക്തരൂഷിതമായ യുദ്ധത്തിന് അല്‍പസമയത്തേക്കെങ്കിലും വിരാമമായത്. ഈ സമയം ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ യുദ്ധമേഖലയിലെത്തിക്കാനും ദുരിതബാധിതര്‍ക്കു വിതരണം ചെയ്യാനും സാധിക്കും.
യുദ്ധം നീണ്ടതോടെ പട്ടിണിയിലായ ജനം മരണത്തിന്റെ വക്കിലെത്തിയതോടെയാണ് വെടിനിര്‍ത്തലിന് ഇരു വിഭാഗങ്ങളും തയാറായത്. വെടിനിര്‍ത്തലിനു തയാറാണെന്ന് അറിയിച്ച് ഔദ്യോഗികമായി സൈന്യം കുറിപ്പ് ഇറക്കി. എന്നാല്‍ ആര്‍എസ്എഫ് ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഏപ്രില്‍ 15ന് തുടങ്ങിയ യുദ്ധത്തില്‍ മുന്‍പും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ വെടിനിര്‍ത്തല്‍ പൂര്‍ണമായും നടപ്പാകുമോ എന്ന ആശങ്കയുമുണ്ട്.
ഇരുസംഘങ്ങളും വെടിനിര്‍ത്തല്‍ കൃത്യമായി പാലിച്ചാല്‍ പ്രശ്‌നപരിഹാരത്തിനായി ജിദ്ദയില്‍ നടത്തിയ ചര്‍ച്ചകള്‍ കൂടുതല്‍ വിശ്വാസ്യതയോടെ തുടരാനാകും. എന്നാല്‍ വെടിനിര്‍ത്തല്‍ നടപ്പായില്ലെങ്കില്‍ ചര്‍ച്ചകളുമായി മുന്നോട്ടുപോകാനില്ലെന്നും സൗദിയും യുഎസും ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അതിനാല്‍ വെടിനിര്‍ത്തല്‍ പാലിക്കപ്പെടുമെന്നാണ് കരുതുന്നത്. യുഎന്നിന്റെ കണക്കനുസരിച്ച്, സുഡനിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 25 ദശലക്ഷം ആളുകള്‍ അവശ്യ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. റെഡ് ക്രോസ് അടക്കമുള്ള സന്നദ്ധ സംഘടനകള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. അതിനാലാണ് രാജ്യാന്തര സമ്മര്‍ദത്തെത്തുടര്‍ന്ന് യുദ്ധം 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്താന്‍ ധാരണയായത്.