തിരുവനന്തപുരം: സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥി പരിഹാരസെല്‍ നിലവില്‍ വരുമെന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. കോളജ് പ്രിന്‍സിപ്പലായിരിക്കും സെല്ലിന്റെ ചെയര്‍പേഴ്‌സണ്‍. ക്യാംപസുകളില്‍ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
പല കോളജുകളിലും തിരഞ്ഞെടുപ്പു പേരിനുമാത്രമാകുന്നുണ്ട്. പരമാവധി ഇടങ്ങളില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം ഉറപ്പാക്കണം. പെണ്‍കുട്ടികള്‍, എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍, ഭിന്നശേഷി വിഭാഗങ്ങളിലെ പ്രാതിനിധ്യം എന്നിവ കോളജിലും സര്‍വകലാശാലകളിലുമുള്ള വ്യത്യസ്ഥ സെല്ലുകളില്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെ അവകാശ പ്രഖ്യാപന രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ നിലവില്‍ വരും. കോളജുകളില്‍ കൗണ്‍സിലിങ്ങ് ലഭ്യമാക്കുന്നതു വിദ്യാര്‍ഥികളുടെ അവകാശമായി അവകാശ പ്രഖ്യാപന രേഖയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഗസ്റ്റ് ലക്ചറര്‍ നിയമനവുമായി ബന്ധപ്പെട്ട വ്യാജരേഖ വിവാദത്തിലും ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. വ്യാജരേഖ ചമച്ച വിഷയത്തില്‍ തെറ്റു ചെയ്തതു കെ വിദ്യയെന്നും കോളജ് പ്രിന്‍സിപ്പിലിനു പങ്കില്ലെന്നും മന്ത്രി പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്കു എതിരെ ഉയര്‍ന്ന വിഷയത്തില്‍ കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. സാങ്കേതിക തകരാറാണു സംഭവിച്ചത്. ജൂനിയര്‍ വിദ്യാര്‍ഥികളുടെ കൂടെ ‘പാസ്ഡ്’ എന്നുകാണിക്കുന്ന ആര്‍ഷോയുടെ പേരിലുള്ള റിസള്‍ട്ട് വന്നത് എങ്ങനെയെന്ന് അന്വേഷിക്കണം. ആര്‍ഷോയ്ക്കു പങ്കില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തരുതെന്നും മന്ത്രി പറഞ്ഞു.