തിരുവനന്തപുരം: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍. ആരു തട്ടിപ്പ് നടത്തിയാലും ശക്തമായ നടപടിയുണ്ടാകും. ഇതു താക്കീതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണെന്നും വിസി കൂട്ടിച്ചേര്‍ത്തു.
”ഞാന്‍ ഇപ്പോള്‍ യോഗയുടെ പരിപാടി കഴിഞ്ഞ് വരികയാണ്. എനിക്ക് പറയാനുള്ളത് ഒറ്റക്കാര്യമാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. എല്ലാം ശരിയാകും. ആളുകള്‍ തെറ്റുകള്‍ ചെയ്യും. പക്ഷേ, സര്‍വകലാശാല അതു പിടിക്കും. ആരുടെയെങ്കിലും മനസ്സില്‍ ഇങ്ങനെ എന്തെങ്കിലും ചെയ്യാന്‍ പദ്ധതിയുണ്ടെങ്കില്‍, അവര്‍ക്കായി കേരളത്തിലെ ജയിലുകള്‍ തുറന്നു കിടക്കുന്നു എന്നാണ് പറയാനുള്ളത്”- വിസി വ്യക്തമാക്കി.
”വ്യാജ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍കലാശാല അതികര്‍ശനമായ നടപടികള്‍ കൈക്കൊള്ളും. ആരെങ്കിലും എവിടെ നിന്നെങ്കിലും എന്തെങ്കിലും ചെയ്താല്‍ കര്‍ശനമായ നടപടിയുണ്ടാകും. ഇത് താക്കീതാണ്. നെഞ്ചില്‍ കൈവച്ചു തന്നെ പറയുന്നു, ഇത് കേരള സര്‍വകലാശാലയുടെ താക്കീതാണ്. കേരളത്തിലെ ഏറ്റവും മികച്ചതും ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ കേരള സര്‍വകലാശാലയെ നശിപ്പിക്കാന്‍ ഒരാളെയും അനുവദിക്കില്ല. ഒരു തരത്തിലും അനുവദിക്കില്ല”- വിസി പറഞ്ഞു.