സോള്‍: രാജ്യത്ത് ഉഷ്ണമേഖല കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ മനോഭാവം കാരണം കൂടുതല്‍ നാശനഷ്ടമുണ്ടായതായി കിം പറഞ്ഞു. കാങ്വോണ്‍ പ്രവിശ്യയിലെ അന്‍ബിയോണ്‍ കൗണ്ടിയില്‍ വെള്ളപ്പൊക്കമുണ്ടായ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കവെയായിരുന്നു കിമ്മിന്റെ വിമര്‍ശനം.
നാശനഷ്ടങ്ങള്‍ തടയുന്നതിന് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും എടുത്തില്ല. ഇത് നാശനഷ്ടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായെന്നും കിം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസാധാരണമായ കാലാവസ്ഥയെ നേരിടാന്‍ ക്യാമ്പയിന്‍ നടത്തും. രാജ്യത്തിന്റെ സാമ്പത്തിക ഉല്‍പാദനത്തിലുണ്ടായ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികള്‍ കൈകൊളളണമെന്ന് കിം നിര്‍ദേശിക്കുകയും ചെയ്തു.
ജപ്പാനില്‍ കടുത്ത നാശനഷ്ടമുണ്ടാക്കിയ കൊടുങ്കാറ്റ് ഉത്തരകൊറിയയിലേക്ക് വെളളിയാഴ്ച പ്രവേശിച്ചിരുന്നു. കൊടുങ്കാറ്റ് തെക്ക് ഭാഗങ്ങളില്‍ ശക്തമായ മഴക്കും വെളളപ്പൊക്കത്തിനും കാരണമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വനനശീകരണവും വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടിയിരുന്നു. ഇത് വലിയ പ്രതിസന്ധിയാണ് ഉത്തരകൊറിയയില്‍ സൃഷ്ടിച്ചത്. ഭക്ഷ്യക്ഷാമവും കാര്‍ഷിക പ്രശ്നങ്ങളും പ്രത്യേകമായി പരിഹരിക്കുന്നതിനായി ഫെബ്രുവരിയില്‍ രാജ്യം വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ ഉന്നതതല പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു.