കൊച്ചി: ഇടുക്കി ജില്ലയില്‍ സിപിഎം ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഉടുമ്പുന്‍ചോല, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണ് നിര്‍ദേശം. നിര്‍മ്മാണം തടയാന്‍ ജില്ലാ കളക്ടര്‍ക്ക് പൊലീസ് സഹായം തേടാം. ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മിക്കുന്നതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാര്‍ഡമം ഹില്‍ റിസര്‍വിലെ നിര്‍മാണ ചട്ടം എന്നിവ ലംഘിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിനു വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ്. എന്നിട്ടും സിപിഎം നിര്‍മാണം തുടരുന്നു. നിയമ ലംഘനം നടത്തിയവര്‍ക്ക് എതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
വിവരാവകാശ നിയമപ്രകാരം ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണിക്കു ലഭിച്ച രേഖയില്‍, ഭൂപതിവ് ചട്ടം ലംഘിച്ച് റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എന്‍ഒസി) ഇല്ലാതെയാണ് 4 നിലയുള്ള കെട്ടിടം നിര്‍മിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിന്റെ പേരിലുള്ള 8 സെന്റ് വസ്തുവിലാണ് ശാന്തന്‍പാറയിലെ കെട്ടിടം നിര്‍മിക്കുന്നത്. ഇത് ഉള്‍പ്പെടെയുള്ള ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.