കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ സിംബാബ്വെ ക്രിക്കറ്റ് ലീഗിലേക്ക്. ‘സിം ആഫ്രോ ടി 10 ലീഗ്’ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ശ്രീശാന്തിനൊപ്പം ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, റോബിന്‍ ഉത്തപ്പ, സ്റ്റുവര്‍ട്ട് ബിന്നി, പാര്‍ഥിവ് പട്ടേല്‍ എന്നിവരുമുണ്ട്. ഈ മാസം 20-നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെയും ഹോളിവുഡ് സംവിധായകനും യു.എ.ഇ. ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒയുമായ സോഹന്‍ റോയിയുടെയും ഉടമസ്ഥതയിലുള്ള ‘ഹരാരെ ഹരിക്കേയ്ന്‍സ്’ ടീമിലാണ് ശ്രീശാന്ത് കളിക്കുക. സിംബാബ്വെയിലേയും ദക്ഷിണാഫ്രിക്കയിലേയും നഗരങ്ങളുടെ പേരിലാണ് ‘സിം ആഫ്രോ ടി 10’ എന്ന പേരില്‍ ടൂര്‍ണമെന്റ് നടത്തുന്നത്.
ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. ജൂലായ് 29-ന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബിലാണ് ഫൈനല്‍. ഹരാരെ ഹരിക്കെയ്ന്‍, ഡര്‍ബന്‍ ഖലന്ദേഴ്‌സ്, കേപ്ടൗണ്‍ സാംപ് ആര്‍മി, ബുലാവായോ ബ്രേവ്‌സ്, ജൊഹനാസ്ബര്‍ഗ് ബുഫാലോസ് എന്നിവയാണ് സിം ആഫ്രോ ടി10 ലീഗിലെ ടീമുകള്‍.