ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് സമ്മേളനം. അഞ്ചുതവണ പാര്‍ലമെന്റ് ചേരും. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലായിരിക്കുമോ സമ്മേളനമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സമ്മേളനത്തിലെ അജന്‍ഡകളെന്താണെന്നതിലും സൂചനകളില്ല.
കേന്ദ്രമന്ത്രി പ്രഹ്‌ലാദ് ജോഷിയാണ് പാര്‍ലമെന്റ് സമ്മേളനത്തെക്കുറിച്ചുള്ള വിവരം എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്ററില്‍) അറിയിച്ചത്. ഫലപ്രദമായ ചര്‍ച്ചകള്‍ക്കായാണു സമ്മേളനമെന്നാണു മന്ത്രിയുടെ വിശദീകരണം. ഏതെങ്കിലും പ്രധാന ബില്ലുകള്‍ സമ്മേളനത്തില്‍ പാസാക്കുമോ എന്ന കാര്യത്തിലും സൂചനയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.