തിരുവനന്തപുരം: ചോദ്യോത്തരവേളയില്‍ സഭയ്ക്കുള്ളില്‍ അലഞ്ഞുതിരിഞ്ഞാല്‍ എംഎല്‍എമാരുടെ പേരു പറയാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മുന്നറിയിപ്പ്. അംഗങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ മുതിര്‍ന്ന അംഗങ്ങള്‍ പോലും സഭയിലൂടെ അലഞ്ഞുതിരിയുകയാണ്. പലപ്പോഴും ചോദ്യകര്‍ത്താവിന്റെ കുറുകെ നടക്കുന്നു. ഇതാവര്‍ത്തിച്ചാല്‍ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നവരുടെ പേരു പറയാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.
ചോദ്യോത്തര വേളയില്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ എഴുന്നേറ്റ് നടക്കുന്നതില്‍ സ്പീക്കര്‍ അസ്വസ്ഥനായിരുന്നു. മന്ത്രി ആന്റണി രാജുവിനെയും പ്രതിപക്ഷ നേതാവിനെയും വിളിച്ച് സ്വന്തം സീറ്റില്‍ ഇരുത്തുകയും ചെയ്തിരുന്നു. ഒരംഗം എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിക്കുമ്പോള്‍ അദ്ദേഹത്തിനും സ്പീക്കറിനും ഇടയിലൂടെ കുറുകെ കടക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. പലരും ഈ ചട്ടം ലംഘിച്ചതോടെയാണ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം കണക്കിലെടുത്ത് നിയമസഭാ സമ്മേളനം ഇന്നലെ താല്‍ക്കാലികമായി പിരിഞ്ഞു. സെപ്റ്റംബര്‍ 11-ന് സമ്മേളനം പുനഃരാരംഭിക്കും. 14 വരെയായിരിക്കും ഈ സമ്മേളനകാലം.