ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി ചുംബനാംഗ്യം കാണിച്ചതായാണ് ആരോപണം. ലോക്സഭയില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴാണിതെന്നും സഭ്യതയില്ലാത്ത സ്ത്രീവിരുദ്ധ ആണത്തഘോഷമെന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം, മോദി സര്‍ക്കാര്‍ മണിപ്പൂരില്‍ ഭാരതത്തെ കൊന്നു എന്ന രാഹുല്‍ ?ഗാന്ധിയുടെ പരാമര്‍ശത്തിന് അതിരൂക്ഷമായ ഭാഷയില്‍ സ്മൃതി ഇറാനി മറുപടി പറഞ്ഞു. കുടുംബവാഴ്ചയും സിഖ് കൂട്ടക്കൊലയും പരാമര്‍ശിച്ചായിരുന്നു സ്മൃതി ഇറാനി തിരിച്ചടിച്ചത്. കശ്മീര്‍ വിഷയവും സ്മൃതി ഉയര്‍ത്തിക്കാട്ടി.
‘നിങ്ങള്‍ ഇന്ത്യ അല്ല. കാരണം നിങ്ങളാണ് ഇന്ത്യയിലെ അഴിമതിയുടെ നിര്‍വ്വചനം. നിങ്ങളാണ് ഇന്ത്യയുടെ കഴിവില്ലായ്മ. മണിപ്പൂര്‍ ഒരിക്കലും വിഭജിക്കപ്പെട്ടിട്ടില്ല, വിഭജിക്കപ്പെടുകയുമില്ല. കാരണം മണിപ്പൂര്‍ ഇന്ത്യയുടെ ഭാ?ഗമാണ്. ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് കഴിവിലാണ്. പക്ഷേ, നിങ്ങളെപ്പോലുള്ളവര്‍ ഇന്ന് ഇന്ത്യയെ ഓര്‍മ്മിപ്പിക്കുന്നത് പണ്ട് ബ്രിട്ടീഷുകാരോട് പറഞ്ഞതാണ്- ക്വിറ്റ് ഇന്ത്യ. കുടുംബവാഴ്ച ഇന്ത്യ വിട്ടു പോകൂ. കാരണം ഇന്ത്യക്ക് ആവശ്യം കഴിവുള്ളവരെയാണ്. അത് കണ്ടെത്തിക്കഴിഞ്ഞു.
കശ്മീരിനെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനാവില്ല. കാരണം കശ്മീരിന്റെ വേദന നിങ്ങള്‍ അറിഞ്ഞിട്ടില്ല. കശ്മീരി പണ്ഡിറ്റുകളുടെ വേദന നിങ്ങളറിഞ്ഞിട്ടില്ല. കശ്മീരിനെ വിഭജിച്ചതിനെക്കുറിച്ച് നിങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിയുമോ. ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരണമെന്നാണ് പ്രതിപക്ഷം പറയുന്നത്. നിങ്ങള്‍ക്കറിയാമോ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമാണ് അവിടെ സ്ത്രീകള്‍ സുരക്ഷിതരായത്.
ഭാരതം കൊല്ലപ്പെട്ടെന്ന പരാമര്‍ശത്തില്‍ കോണ്‍?ഗ്രസ് ആര്‍പ്പുവിളിച്ചല്ലോ. നിങ്ങളോട് രാജ്യം ഇതിനൊരിക്കലും ക്ഷമിക്കില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കോണ്‍?ഗ്രസ് മൗനം പാലിച്ചിട്ടുണ്ട്. സിഖ് കൂട്ടക്കൊലയുടെ സമയത്ത് എത്രയോ സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ടു, വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടു. അതേക്കുറിച്ച് പറയാന്‍ കോണ്‍?ഗ്രസ് തയ്യാറാകുമോ. മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍, പ്രതിപക്ഷമാണ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടിയത്. നിര്‍ഭയ കേസില്‍ പ്രതികളെ സംരക്ഷിക്കുകയാണ് കോണ്‍?ഗ്രസ് ചെയ്തത്.’ സ്മൃതി ഇറാനി പറഞ്ഞു.