ഇടുക്കി: ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ നേരിയ സംഘര്‍ഷം. കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പൂപ്പാറയില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രദേശത്ത് വിനോദസഞ്ചാരികളുടെ വാഹനങ്ങളും തടഞ്ഞിട്ടു. പൊലീസ് സംഭവ സ്ഥലത്തെത്തി. പത്തുമണിയോടെ വിവിധ ടൗണുകള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചു.
കട്ടപ്പനയില്‍ വ്യാപരികളും സമാരാനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. കടകള്‍ അടയ്ക്കണമെന്ന് സമരാനുകൂലികള്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് വ്യാപാരികളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി. മൂന്നാറില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ തടഞ്ഞിട്ടെങ്കിലും പിന്നീട് കടത്തിവിട്ടു.
ജില്ലയിലെ 13 പഞ്ചായത്തുകളില്‍ പുതിയതായി നിര്‍മ്മാണ നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിനെതിരേയാണ് ഹര്‍ത്താല്‍. ഭൂനിയമ ഭേദഗതി ബില്‍ പൂര്‍ണ്ണമായ പരിഹാരമല്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി മറ്റ് അവശ്യ സര്‍വ്വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.