ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഡി.കെ.ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാര്‍ പിസിസി അധ്യക്ഷനായി തുടരുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ.
”സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമമില്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. ഡി.കെ.ശിവകുമാര്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്. രണ്ട് പേര്‍ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. അവര്‍ക്ക് അതിന് യോഗ്യതയുണ്ട്.”- വേണുഗോപാല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ബാക്കിപത്രമായാണ് കര്‍ണാടകയില്‍ വിജയം നേടാന്‍ സാധിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കു നന്ദിപറയുന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കു നന്ദി പറയുന്നു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ് ഏകാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയല്ല. അധികാര വീതംവയ്പിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അധികാരം ജനങ്ങളുമായാണ് പങ്കുവയ്ക്കുന്നതെന്നായിരുന്നു കെ.സി.വേണുഗോപാലിന്റെ മറുപടി.
കര്‍ണാടകയിലേത് സാധാരണക്കാരുടെ വിജയമെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ യാത്രയാണ് വലിയ വിജയത്തിന് കാരണമായത്. കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളുമായും ചര്‍ച്ച നടത്തിയാണ് കര്‍ണാടക മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനം എടുത്തത്. മുതിര്‍ന്ന േനതാക്കളില്‍നിന്നും യുവനേതാക്കളില്‍നിന്നും അഭിപ്രായം തേടി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സുസ്ഥിരവും സുതാര്യവുമായ സര്‍ക്കാര്‍ രൂപീകരിക്കും. മറ്റു പാര്‍ട്ടി നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.