വാഷിങ്ടന്‍: ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഷിയുടെ നിലപാടില്‍ തനിക്കു നിരാശയുണ്ടെന്നു ബൈഡന്‍ പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം, ഭൂപട വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണു ഷി പങ്കെടുക്കാത്തതെന്നാണു റിപ്പോര്‍ട്ട്.
”ഞാന്‍ നിരാശനാണ്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നു”- ബൈഡന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. ജി20 ഉച്ചകോടിക്കു ഷി വന്നില്ലെങ്കില്‍ മറ്റേതു വേദിയിലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയെന്നതു ബൈഡന്‍ പറഞ്ഞില്ല. ഡല്‍ഹിയിലെ ജി20 ഉച്ചകോടിയില്‍ ഷി വന്നില്ലെങ്കില്‍ പിന്നെ നവംബറിലാണ് ബൈഡനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകുക. യുഎസിന്റെ ആതിഥേയത്വത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ അപെക് (APEC) കോണ്‍ഫറന്‍സില്‍ ഷി പങ്കെടുത്തേക്കും.
ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളാണു ഷി ഡല്‍ഹിയിലേക്കു വരാനിടയില്ലെന്നു സൂചിപ്പിച്ചത്. അതിര്‍ത്തി സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യ-ചൈന ബന്ധം പഴയതുപോലെയാകാത്ത പശ്ചാത്തലത്തിലാണ് ഉച്ചകോടിയില്‍നിന്ന് ഷി വിട്ടുനില്‍ക്കുന്നത് എന്നാണു സൂചന. ഷിക്കു പകരം ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് പങ്കെടുക്കുമെന്നാണ് വിവരം. ഉച്ചകോടിക്കു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, അരുണാചല്‍ പ്രദേശും ലഡാക്കിനോടു ചേര്‍ന്നുള്ള അക്സായ് ചിന്‍ മേഖലയും ചൈനയുടെ അതിര്‍ത്തിക്കുള്ളിലാക്കി ഭൂപടം പുറത്തിറക്കിയതില്‍ ഇന്ത്യയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഡല്‍ഹിയില്‍ ഷി എത്തിയാല്‍ പ്രതിഷേധങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്നതും ചൈന കണക്കുകൂട്ടുന്നുണ്ട്. ഷിക്കു നേരെ ടിബറ്റന്‍ പൗരന്മാരുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ 9, 10 തീയതികളിലാണ് ജി20 ഉച്ചകോടി. ഇതിനുമുന്‍പ് 5-7 തീയതികളില്‍ ജക്കാര്‍ത്തയില്‍ നടക്കുന്ന ആസിയാന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ചിന്‍പിങ്ങും പങ്കെടുക്കുന്നുണ്ട്.