ന്യൂഡല്‍ഹി: വ്യാജസര്‍ട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കെഎസ്‌യുക്കാരന്‍ ഉണ്ടാക്കിയ സര്‍ട്ടിഫിക്കറ്റിനും പഴി എസ്എഫ്‌ഐക്കാണ്. കെഎസ്‌യു നേതാവിന്റെ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതില്‍ പങ്ക് എസ്എഫ്‌ഐക്കാണെന്ന് പറയുന്നവരോട് എന്തു പറയാനാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
”ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ എസ്എഫ്‌ഐ തകര്‍ക്കാനാവില്ല. വ്യാജരേഖ കേസില്‍ കെ.വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ല. ഒളിവില്‍ കഴിഞ്ഞവരെ സിപിഎമ്മുകാര്‍ സഹായിച്ചോയെന്ന് അന്വേഷിക്കട്ടെ. തെറ്റായ പ്രവണതകള്‍ ഉണ്ടെങ്കില്‍ തിരുത്തും. വ്യാജ സര്‍ട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും ശക്തമായ നടപടിയെടുക്കും. ബാബുജാന്‍ സിന്‍ഡിക്കറ്റ് അംഗമെന്ന നിലയില്‍ പലതിലും ഇടപെട്ടിട്ടുണ്ടാവും. പ്രിയ വര്‍ഗീസിന് അനുകൂലമായ വിധി മാധ്യമങ്ങള്‍ക്കെതിരായ വിധിയാണ്.”- എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു.
കേരളത്തില്‍ ഒരുതരത്തിലുമുള്ള മാധ്യമവേട്ടയില്ല. വാര്‍ത്ത വായിച്ചതിനല്ല, വാര്‍ത്തയുണ്ടാക്കിയതിനാണു കേസ്. കുറ്റം ചെയ്തത് മാധ്യമപ്രവര്‍ത്തകനായാലും കേസെടുക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.