ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാജ്ഘട്ട് മുതല്‍ സെക്രട്ടേറിയറ്റ് വരെയുളള ഭാഗങ്ങളില്‍ വെളളം കയറി. വെളളക്കെട്ടുളള ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി അറിയിച്ചു. 16,000 പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
60 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് യമുനയിലെ ജലനിരപ്പ്. 208.5 മീറ്ററാണ് നിലവിലെ ജലനിരപ്പ്. രണ്ട് ദിവസത്തിനുളളില്‍ 4.65 മീറ്ററായാണ് വെളളം ഉയര്‍ന്നിട്ടുളളത്. 1978 ലെ 207.49 മീറ്ററെന്ന സര്‍വകാല റെക്കോര്‍ഡാണ് തകര്‍ന്നത്. ഹിമാചലിലെ അണക്കെട്ടുകളില്‍ നിന്നും വെള്ളം തുറന്നു വിടുന്ന തോത് കുറഞ്ഞിട്ടുണ്ട്. ഇതിനാല്‍ ഹരിയാനയിലെ ഹത്‌നികുണ്ഡില്‍ നിന്നുള്ള നീരൊഴുക്ക് കുറയുന്നതോടെ യമുനയിലെ ജലനിരപ്പ് താഴുമെന്നാണ് വിലയിരുത്തല്‍.
തലസ്ഥാനത്ത് പല പ്രദേശങ്ങളിലും ഗതാഗതം നിലച്ചിട്ടുണ്ട്. കശ്മീര്‍ ഗേറ്റ് മുതല്‍ യമുന പഴയ പാലം വരെയുളള റോഡില്‍ ഗതാഗതം നിലച്ചിരിക്കുകയാണ്. ഗീത കോളനിയില്‍ വെളളം ഉയര്‍ന്നതിനാല്‍ പ്രധാന ശ്മശാനമായ ശംശാന്‍ ഘട്ട് അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ശാസ്ത്രി പാര്‍ക്കിന് സമീപം ഗതാഗത കുരുക്കുണ്ട്. യമുന ഖാദര്‍ റാം മന്ദിറിന് സമീപം 200ഓളം പേര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ നഗരത്തിലെ മൂന്നു കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചു. ഇതിനെ തുടര്‍ന്ന് കുടിവെള്ളം മുടങ്ങിയേക്കും. വെള്ളം താഴ്ന്നു തുടങ്ങുന്നതോടെ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. വിവിധ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്.