തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണസംവിധാനം അടിമുടി പരിഷ്‌കരിക്കണമെന്ന് ശുപാര്‍ശ നല്‍കി സെക്രട്ടേറിയറ്റ് പരിഷ്‌കാരത്തെക്കുറിച്ച് പഠിച്ച വി സെന്തില്‍ കമ്മിറ്റി. സെക്രട്ടേറിയറ്റ് തല്‍ക്കാലം മാറ്റിസ്ഥാപിക്കേണ്ടതില്ല. ഇ- ഓഫീസ് കാലമായതിനാല്‍ ജീവനക്കാരെ പുനര്‍വിന്യസിച്ച് സ്ഥലക്ഷാമം പരിഹരിക്കാം. ജീവനക്കാര്‍ക്ക് ലാപ് ടോപ് നല്‍കുന്നതിനാല്‍ സ്ഥല മാനേജ്‌മെന്റ് എളുപ്പമാകും. സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കുന്നത് ഭാവിയില്‍ പരിഗണിച്ചാല്‍ മതിയെന്നും വി സെന്തില്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയില്‍ വ്യക്തമാക്കി. വി സെന്തില്‍ അദ്ധ്യക്ഷനായ സമിതി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.
ഇ-ഗവേര്‍ണന്‍സില്‍ അധിഷ്ഠിതമായ പരിഷ്‌കാരങ്ങള്‍ക്കാണ് റിപ്പോര്‍ട്ടിലെ ഊന്നല്‍. ഇ-ഭരണം കാര്യക്ഷമമാക്കാന്‍ വൈദഗ്ധ്യമുളള ഐ ടി പ്രൊഫഷനല്‍സിനെ കരാടിസ്ഥാനത്തില്‍ നിയമിക്കണം. ഇ-അഡ്മിനിസ്‌ട്രേഷന്‍ സെല്‍ രൂപീകരിച്ച് എല്ലാ ഇ-അഡ്മിനിസ്‌ട്രേഷന്‍ കാര്യങ്ങളും സെല്ലിന് കീഴില്‍ കൊണ്ടുവരണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
നിലവിലുള്ള കെട്ടിടങ്ങള്‍ അവയുടെ സൗന്ദര്യവും പൈതൃകവും നഷ്ടപ്പെടാത്ത രീതിയിലും സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടും ശാസ്ത്രീയമായി റീമോഡലിങ് നടത്താന്‍ സാധിച്ചാല്‍ സെക്രട്ടേറിയറ്റ് സമീപ ഭാവിയില്‍ മാറ്റി സ്ഥാപിക്കേണ്ടതായി വരികയില്ല. എപ്പോഴെങ്കിലും സെക്രട്ടേറിയറ്റ് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കേ ണ്ടി വന്നാല്‍ ഈ കെട്ടിടങ്ങള്‍ പൈതൃക കെട്ടിടങ്ങളായി ദീര്‍ഘകാലം നിലനിര്‍ത്തുകയും ചെയ്യാം എന്നാണ് സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് സെന്തില്‍ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണപരിഷ്‌കാര കമ്മീഷന്‍ സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കണമെന്ന് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
സ്ഥാനക്കയറ്റങ്ങള്‍ക്കെല്ലാം മത്സര പരീക്ഷ നിര്‍ബന്ധമാക്കണം എന്നതാണ് സെക്രട്ടേറിയറ്റ് പരിഷ്‌കകരണ സമിതിയുടെ പ്രധാന ശുപാര്‍ശ. തീര്‍പ്പാക്കുന്ന ഫയലുകളെല്ലാം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ശുപാര്‍ശയുണ്ട്.
ഇതുവരെയുളള പരിഷ്‌കാര റിപ്പോര്‍ട്ടുകളെല്ലാം അട്ടിമറിക്കുന്ന സാഹചര്യത്തില്‍, നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. സര്‍വീസ് സംഘടനകളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്ന ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. ക്‌ളാസ് ഫോര്‍ തസ്തികയില്‍ നിന്ന് അസിസ്റ്റന്റായി മാറാനും സെക്ഷന്‍ ഓഫീസര്‍ തസ്തികയില്‍ നിന്നും അണ്ടര്‍ സെക്രട്ടറിയായി മാറാനും മത്സര പരീക്ഷ നിര്‍ബന്ധമാക്കണം എന്നാതാണ് ഇതിലൊന്ന്. ആശ്രിത നിയമനം, കായിക ക്വാട്ട നിയമനം വഴി വരുന്നവരുടെ പ്രൊബെഷന്‍ ഡിക്ലയര്‍ ചെയ്യാനും പരീക്ഷ പാസ്സാകണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.