തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നു തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തു യെല്ലോ അലര്‍ട്ട് (ശക്തമായ മഴ) ഉണ്ട്. മഴ കനത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാം തുറന്നു. രണ്ട് ഷട്ടറുകള്‍ 15 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. പാംബ്ല ഡാമും ഉടന്‍ തുറക്കുമെന്നാണ് വിവരം. പെരിയാര്‍, മുതിരപ്പുഴ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം പൊന്മുടിയില്‍ വിനോദസഞ്ചാരികള്‍ക്കി വിലക്കേര്‍പ്പെടുത്തി. കനത്ത മഴ കണക്കിലെടുത്ത് കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പത്തനംതിട്ട ജില്ലയിലെയും ചെങ്ങന്നൂര്‍ താലൂക്കിലെയും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എംജി, കണ്ണൂര്‍, സാങ്കേതിക (കെടിയു) സര്‍വകലാശാലകള്‍ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഇന്ന് ആരംഭിക്കാനിരുന്ന ഒന്നാം വര്‍ഷ പിജി ക്ലാസുകള്‍ നാളെയേ ആരംഭിക്കൂ.
കേരളത്തില്‍ മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ഉറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കുട്ടനാട്ടിലും പെരിയാറിലും ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നു. ഇടുക്കിയില്‍ രാത്രി 7 മുതല്‍ പുലര്‍ച്ചെ 6 വരെ യാത്രകള്‍ നിരോധിച്ചു.