ആലുവ (എറണാകുളം): കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് കണ്ടെത്തല്‍ അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യവകുപ്പ് തന്നെയാണ്. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
”ആരോഗ്യ വകുപ്പ് രണ്ട് അന്വേഷണം നടത്തി കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ഈ കേസ് പൊലീസ് അന്വേഷിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. ആരോഗ്യ വകുപ്പ് അന്വേഷണത്തില്‍ നിന്ന് പിന്മാറില്ല. ആരൊക്കെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. ”- വീണ ജോര്‍ജ് വ്യക്തമാക്കി.
സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ കണ്ടെത്തലും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും രണ്ടുതട്ടിലാണ്. ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടയിലാണ് ഉപകരണം വയറ്റില്‍ കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം ഒരു എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇങ്ങനെയൊരു കണ്ടെത്തലിലേക്കു പോകാന്‍ സാധിക്കില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍.