കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന് തിരിച്ചടി. ലോഹ വസ്തുക്കള്‍ ശരീരത്തിനകത്തുവെച്ച് സ്‌കാന്‍ ചെയ്യാന്‍ കഴിയില്ലെന്ന് സാങ്കേതിക വിദഗ്ധന്‍ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്‌കാനിങ് മെഷീനുകളുടെ പരിപാലന ചുമതലയുള്ള സീമെന്‍സിലെ എഞ്ചിനീയറുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
ഹര്‍ഷിനയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളേജിലേതെന്ന പൊലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്നതും റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ബോര്‍ഡിന് തിരിച്ചടിയുമാവുകയാണ് മൊഴി. മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് പിന്മാറിയ റേഡിയോളജിസ്റ്റ് മിനിമോള്‍ മാത്യുവിന്റെ മൊഴിയും രേഖപ്പെടുത്തി. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന ദിവസം ചികിത്സയിലായിരുന്നുവെന്നും പിന്മാറ്റത്തിന് പിന്നില്‍ ദുരൂഹതയില്ലെന്നും വ്യക്തമായി.
കേസില്‍ അന്വേഷണ സംഘത്തിന് നാളെയുടെ നിയമോപദേശം ലഭിക്കും. ഇതിനു ശേഷം കുറ്റപത്രം ഉടന്‍ തയ്യാറാക്കാനാണ് ആലോചന. കേസില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും പ്രതികളാക്കും. അതേസമയം, ഹര്‍ഷിനയുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പരിഗണിക്കും. കമ്മീഷന് ഹര്‍ഷിന മൊഴി നല്‍കും.