കോട്ടയം: തന്റെ കുടുംബത്തിനുവേണ്ടി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയ്ത സേവനം ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ പുറത്താക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സതിയമ്മ താല്‍ക്കാലിക ജീവനക്കാരിയല്ല. ജിജി മോള്‍ എന്ന താത്കാലിക ജീവനക്കാരിക്കു പകരമായാണ് സതിയമ്മ ജോലിചെയ്തത്. ജിജിമോളുടെ അക്കൗണ്ടിലേക്കു വരുന്ന പണം സതിയമ്മ കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോഴാണ് നടപടിയെടുത്തത്. നടപടിക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈക്കം പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം വഴിയാണ് സ്വീപ്പറായി ജോലിക്ക് കയറിയത്. 4 വര്‍ഷത്തിനു ശേഷം കുടുംബശ്രീ വഴി കൈതേപ്പാലത്തേക്കു സ്വീപ്പറായി എത്തി. 8,000 രൂപയാണ് മാസവേതനം. തനിക്കു പ്രത്യേകിച്ചു രാഷ്ട്രീയമൊന്നും ഇല്ലെന്നും ഉമ്മന്‍ ചാണ്ടി ചെയ്ത സഹായം മറക്കാന്‍ കഴിയാത്തതിനാല്‍ പറഞ്ഞതാണെന്നും സതിയമ്മ പറഞ്ഞു.