തിരുവനന്തപുരം: വൈദ്യ പരിശോധനയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ യുപി സ്‌കൂള്‍ അധ്യാപകന്‍ ജി.സന്ദീപിന് മാനസിക ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു മെഡിക്കല്‍ ബോര്‍ഡ്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും മറ്റുള്ളവരെ ഉപദ്രവിക്കാനും താല്‍പര്യമുള്ള പ്രകൃതക്കാരനാണ് പ്രതി. ലഹരി ഉപയോഗം പ്രതിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിരിക്കാമെന്നും മെഡിക്കല്‍ ബോര്‍ഡ് ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം നടക്കുമ്പോള്‍ സന്ദീപ് മദ്യപിച്ചിരുന്നതിന് തെളിവ് ലഭിച്ചിട്ടില്ല. രാസലഹരികള്‍ ഉപയോഗിച്ചതിനും തെളിവില്ല. രക്ത സാംപിള്‍ രാസപരിശോധനയ്ക്ക് അയച്ചെങ്കിലും ലഹരി ഉപയോഗിച്ചതിനു തെളിവ് ലഭിച്ചില്ല. അക്രമാസക്തനായതിനാല്‍ വൈകിയാണ് സന്ദീപിന്റെ രക്ത സാംപിള്‍ എടുക്കാന്‍ കഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിമാന്‍ഡ് ചെയ്തതിനുശേഷം കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സന്ദീപിന്റെ പരിശോധന നടത്തിയത്.
മുന്‍പ് മദ്യപിച്ചിരുന്നതായും പിന്നീട് മദ്യപാനം നിര്‍ത്തി ചികില്‍സ തേടിയതായും സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞു. മദ്യപാനം നിര്‍ത്തിയപ്പോഴുള്ള മാനസിക പ്രശ്‌നങ്ങളോ, മദ്യപാനം നിര്‍ത്താന്‍ ചികില്‍സ തേടിയശേഷം വീണ്ടും ലഹരി ഉപയോഗിച്ചതോ ആകാം സന്ദീപിനെ അക്രമാസക്തനാക്കിയതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ആളുകളെ ഉപദ്രവിക്കുന്ന പ്രകൃതമാണ് സന്ദീപിന്റെതെന്നും ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. കൊലപാതകത്തിലേക്കു നയിച്ച പ്രശ്‌നങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നും സാഹചര്യങ്ങള്‍ പഠിച്ചശേഷമുള്ള നിഗമനങ്ങളാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ദീപിന്റെ ജീവിത സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കും. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സന്ദീപ് മദ്യത്തിന് അടിമയായിരുന്നെന്ന് വെളിയം ചെറുകരക്കോണത്തെ നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. മദ്യപാനം അതിരുവിട്ടതോടെ ഭാര്യയും മക്കളും മാറി താമസിച്ചു. അമ്മയോടൊപ്പമായിരുന്നു താമസം. വിലങ്ങറ യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു. സംഭവം നടന്ന ദിവസം ഉച്ച മുതല്‍ വീടിനു സമീപത്തെ റോഡില്‍ സന്ദീപ് ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ആരോ കൊല്ലാന്‍ വരുന്നു എന്നു സന്ദീപ് വിളിച്ചു പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കാല്‍ മുറിഞ്ഞ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചശേഷം സന്ദീപ് ഡോക്ടറെ കുത്തുകയായിരുന്നു.