കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് പൊലീസ്. മെഡിക്കല്‍ ബോര്‍ഡ് നടപടികളിലെ ഗൂഢാലോചന അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹര്‍ഷിനയും ഇന്നു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കും.
മെഡിക്കല്‍ ബോര്‍ഡിലെ പ്രധാന അംഗമായി പരിഗണിച്ച സീനിയര്‍ ഡോക്ടറെ മാറ്റി അവസാന നിമിഷം ജൂനിയര്‍ കണ്‍സല്‍ട്ടന്റിനെ നിയമിച്ചത് അന്വേഷണം അട്ടിമറിയ്ക്കാനാണെന്നാണ് സംശയം. ആവശ്യമെങ്കില്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ബോര്‍ഡിലുണ്ടായിരുന്ന റേഡിയോളജിസ്റ്റിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. മെഡിക്കല്‍ കോളജിനു മുന്നില്‍ 81 ദിവസം പിന്നിട്ട സമരം കൂടുതല്‍ ശക്തമാക്കാനാണ് സമര സമിതി തീരുമാനം.
ആരോഗ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഹര്‍ഷിന പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ സംരക്ഷിയ്ക്കാനാണ് മെഡിക്കല്‍ ബോര്‍ഡ് ശ്രമിക്കുന്നതെന്നും ഹര്‍ഷിന പറഞ്ഞു. തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞ ആരോഗ്യ മന്ത്രിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഹര്‍ഷിന പറഞ്ഞിരുന്നു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുതന്നെയാണെന്ന റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് തള്ളുകയായിരുന്നു മെഡിക്കല്‍ ബോര്‍ഡ്. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഹര്‍ഷിന രംഗത്തെത്തിയിരുന്നു. ഡിഎംഒയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഹര്‍ഷിനയെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് നീക്കിയിരുന്നു.
ഇതിനിടെ ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. രണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് തള്ളിയതാണ്. അതിന് ശേഷമാണ് പൊലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ചികിത്സാ പിഴവ് ആരുടെ ഭാഗത്ത് നിന്നാണുണ്ടായതെന്ന് കണ്ടെത്തി നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഹര്‍ഷിനക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.