തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതിനായി ചേര്‍ന്ന യോഗത്തില്‍, മണികുമാറിനെ പരിഗണിക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിയോജിപ്പ് രേഖപ്പെടുത്തി. വിശദമായ വിയോജനക്കുറിപ്പ് സര്‍ക്കാരിനു കൈമാറും.
സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതില്‍ തടസ്സമില്ല. ഏപ്രില്‍ 24നാണ് എസ്.മണികുമാര്‍ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ചത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന മണികുമാര്‍ 2019 ഒക്ടോബര്‍ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. എസ്.മണികുമാറിന് സംസ്ഥാന സര്‍ക്കാര്‍ കോവളത്തെ ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയതിനെതിരെ പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തിയിരുന്നു. ആദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍, വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു യാത്രയപ്പ് നല്‍കിയത്.