മോസ്‌കോ: അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ച് റഷ്യ. 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ലൂണ-25 പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നു വോസ്റ്റോക്നി കോസ്മോഡ്രോമില്‍നിന്നാണ് കുതിച്ചുയര്‍ന്നത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസ് ഇവയുടെ ചിത്രങ്ങള്‍ പങ്കുവച്ചു. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നു ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് ദൗത്യം. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് റഷ്യയുടെ ദൗത്യവും. റോസ്‌കോസ്മോസിനെ അഭിനന്ദിച്ച് ഐഎസ്ആര്‍ഒ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റിട്ടു.
അഞ്ച് ദിവസത്തിനകം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങുന്നതിന് മുന്‍പ്ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനു മൂന്നു മുതല്‍ ഏഴു ദിവസം വരെ സമയമെടുക്കും. ”ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ഒരു പേടകം ഇറങ്ങുന്നത്. ഇതുവരെ എല്ലാവരും ഭൂമധ്യരേഖാ മേഖലയിലാണ് ഇറങ്ങുന്നത്.” – റോസ്‌കോസ്മോസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അലക്സാണ്ടര്‍ ബ്ലോക്കിന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഓഗസ്റ്റ് 21ഓടെ പേടകം ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റോസ്‌കോസ്മോസിലെ ശാസ്ത്രജ്ഞര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു.
ഒരു വര്‍ഷത്തോളം ചന്ദ്രനില്‍ തുടരുന്ന പേടകം സാംപിളുകള്‍ എടുത്ത് മണ്ണിന്റെ വിശകലനം, ദീര്‍ഘകാല ശാസ്ത്ര ഗവേഷണം നടത്തുക എന്നീ ചുമതലകള്‍ വഹിക്കുമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു. റഷ്യയുടെ പുതിയ ചാന്ദ്ര പരിപാടിയിലെ ആദ്യത്തെ ദൗത്യമാണ് ലൂണ-25. യുക്രെയ്‌നുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നു റോസ്‌കോസ്മോസിന് പാശ്ചാത്യരാജ്യങ്ങളുമായുള്ള പങ്കാളിത്തം നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ദൗത്യം.
ബഹിരാകാശ പരിവേഷണങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനു ശേഷം ആദ്യമായാണ് റഷ്യ ഇത്തരത്തിലൊരു ദൗത്യത്തിലേര്‍പ്പെടുന്നതെന്ന് റഷ്യന്‍ ബഹിരാകാശ വിദഗ്ധന്‍ വിറ്റാലി ഇഗോറോവ് പറഞ്ഞു. ഉപരോധങ്ങള്‍ക്കിടയിലും റഷ്യയുടെ ബഹിരാകാശ പദ്ധതി തുടരുമെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ വ്യക്തമാക്കിയിരുന്നു. കിഴക്ക്-പടിഞ്ഞാറ് സംഘര്‍ഷം രൂക്ഷമായ സമയത്തും 1961-ല്‍ സോവിയറ്റ് യൂണിയന്‍ ആദ്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ചത് പുട്ടിന്‍ ചൂണ്ടിക്കാട്ടി. പൂര്‍വ്വികരുടെ അഭിലാഷമാണ് ഞങ്ങളെ നയിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം വോസ്റ്റോക്‌നി കോസ്‌മോഡ്രോമില്‍ പുട്ടിന്‍ പറഞ്ഞു.