തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണച്ചെലവുകള്‍ക്കായി കടമെടുക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. 2000 കോടിരൂപ കടമെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഇതുവരെയുള്ള കടമെടുപ്പ് 18500 കോടിരൂപയാകും. ഓണം കഴിയുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ചയിലും 1000 കോടിരൂപ കടമെടുത്തിരുന്നു. 2000 കോടി കടമെടുക്കാന്‍ റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം ഈ മാസം 22ന് നടക്കും.
ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവ വിതരണം ചെയ്യുന്നതിനായി 680 കോടിരൂപ ആവശ്യമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയതുപോലെ ആനൂകൂല്യങ്ങള്‍ നല്‍കണം. കൂടാതെ മറ്റു ക്ഷേമ പദ്ധതികളില്‍ മുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാനുണ്ട്. രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 1762 കോടിരൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ബോണസ്, ഉത്സവബത്ത എന്നിവ ഈ മാസം 21 മുതല്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കിലാണ് ആനുകൂല്യങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ ജീവനക്കാരില്‍ 32,560 രൂപയോ അതില്‍ താഴെയോ വേതനം ലഭിക്കുന്നവര്‍ക്കാണ് ബോണസ് ലഭിക്കുക. 4000 രൂപയാണ് ബോണസ്. ബോണസിന് അര്‍ഹയില്ലാത്ത ജീവനക്കാര്‍ക്ക് 2750 രൂപയും പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ ഉത്സവ ബത്തയായും ലഭിക്കും.
കരാര്‍, ദിവസത്തൊഴിലാളികള്‍ക്ക് 1100 രൂപ മുതല്‍ 1210 രൂപവരെയാണ് ഉത്സവബത്ത ലഭിക്കുക. ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍, ആയമാര്‍, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തൊഴിലാളികള്‍ എന്നിവര്‍ക്ക് 1300 രൂപയാണ് ഉത്സബത്ത. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഡ്വാന്‍സായി 20,000 രൂപ ലഭിക്കും. അങ്കണവാടി വര്‍ക്കര്‍മാര്‍, കണ്ടിജന്റ് ജീവനക്കാര്‍, ഹെല്‍പ്പര്‍മാര്‍, കുടുംബാസൂത്രണ വോളണ്ടിയര്‍മാര്‍ മുതലായവര്‍ക്ക് 6,000 രൂപയാണ് അഡ്വാന്‍സ്. വിപണി ഇടപെടലിന് സിവില്‍ സപൈസ് കോര്‍പ്പറേഷനും ഓണക്കാല ആനുകൂല്യങ്ങള്‍ക്കും കെഎസ്ആര്‍ടിസിക്കും പണം നല്‍കണം.