ഇംഫാല്‍: മണിപ്പുരില്‍ കലാപകാരികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. പുലര്‍ച്ചെയുണ്ടായ അക്രമണത്തില്‍ രണ്ട് സൈനികര്‍ക്കു പരിക്കേറ്റു. ഇംഫാലിനു സമീപം എന്‍ ബോള്‍ജിങ് എന്ന പ്രദേശത്തായിരുന്നു അക്രമം ഉണ്ടായത്. തോക്കുമായെത്തിയ അക്രമികള്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരും ചികിത്സയിലാണെന്ന് ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തു നടത്തിയ തിരച്ചിലില്‍ സൈന്യം ഒരു തോക്ക് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ചിങ്മാങ് ഗ്രാമത്തിലുണ്ടായ വെടിവയ്പ്പില്‍ ഒരു സൈനികനു പരിക്കേറ്റിരുന്നു.
അക്രമം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനം ജൂണ്‍ 25 വരെ നീട്ടി. സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ 3നാണ് മണിപ്പൂരില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്.