കൊച്ചി: കാഴ്ചാപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ഒരിക്കല്‍ കൂടി മാപ്പപേക്ഷയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് ആറ് വിദ്യാര്‍ത്ഥികളും തെറ്റ് ആവര്‍ത്തിക്കില്ലെന്ന അപേക്ഷയുമായി അധ്യാപകന്‍ പ്രിയേഷിനെ നേരിട്ട് സമീപിക്കുകയായിരുന്നു. കോളജ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചായിരുന്നു മാപ്പപേക്ഷ.
കഴിഞ്ഞ മാസമാണ് പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷ് ക്ലാസ് എടുത്തുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അദ്ദേഹത്തെ പരിഹസിക്കുന്നതിന്റെയും അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോ പുറത്ത് വന്നത്. വീഡിയോ ദൃശ്യം വൈറലാവുകയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ വലിയ തോതില്‍ പ്രതിഷേധം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞെങ്കിലും കോളേജ് അധികൃതര്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.