ഗുരുഗ്രാം: രണ്ട് ദിവസമായി സംഘര്‍ഷം നിലനില്‍ക്കുന്ന ഹരിയാനയിലെ നൂഹില്‍ ചൊവ്വാഴ്ച വൈകിട്ടും അക്രമം. ഭക്ഷണശാലകളും കടകളും തീവച്ചു നശിപ്പിച്ചു. മതപരമായ മുദ്രാവാക്യം മുഴക്കിയാണ് അക്രമികള്‍ എത്തിയത്. വിവിധ വാഹനങ്ങളില്‍ എത്തിയ ഇരുനൂറോളം വരുന്ന സംഘം പെട്രോള്‍ ഉപയോഗിച്ചാണ് കടകള്‍ തീവച്ചു നശിപ്പിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം ആരംഭിച്ചത്. ഇതുവരെ 4 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ അക്രമം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഇന്ന് തീവയ്പ്പുണ്ടായത്.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിച്ചത്. ഗുരുഗ്രാം അല്‍വാര്‍ ദേശീയപാതയില്‍ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതാണു സംഘര്‍ഷത്തിന്റെ തുടക്കം. നിരവധി കാറുകള്‍ അക്രമികള്‍ കത്തിച്ചു. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നാണു റിപ്പോര്‍ട്ട്.
ഇന്നലെ അര്‍ധരാത്രിയില്‍ ഗുരുഗ്രാമിലെ മുസ്‌ലിം പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പുരോഹിതന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ വെടിയേറ്റു മരിച്ചു. മരിച്ച മറ്റു രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്.