കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ സിലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് സിപിഎം നേതാവും കുന്നത്തുനാട് എംഎല്‍എയുമായ പി.വി.ശ്രീനിജന്‍. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയിട്ടില്ലെന്ന് ആരോപിച്ചാണ് എംഎല്‍എ സിലക്ഷന്‍ ട്രയല്‍സ് തടഞ്ഞത്. സിലക്ഷന്‍ ട്രയല്‍സ് നടക്കുന്ന കൊച്ചിയിലെ സ്‌കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടിയതോടെ, സിലക്ഷനായെത്തിയ നൂറിലധികം കുട്ടികള്‍ ഒരു മണിക്കൂറോളഫം സമയം ഗേറ്റിനു പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു. ഇതോടെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി.
പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്. സംഭവം വിവാദമായതോടെ പൂട്ടിയിട്ട ഗേറ്റ് അധികൃതരെത്തി തുറന്നുകൊടുത്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തിയാണ് ഗേറ്റു തുറന്നത്. വാടക കൃത്യമായി നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും പി.വി.ശ്രീനിജന്‍ എംഎല്‍എയുടെ നടപടിയെ തള്ളിപ്പറഞ്ഞു. അതേസമയം, അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് എംഎല്‍എ പ്രതികരിച്ചു. രാത്രിയാവുമ്പോള്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ഇന്നു രാവിലെയാണ് കൊച്ചിയില്‍ നാടകീയ സംഭവങ്ങളുടെ തുടക്കം. എട്ടു മാസത്തെ വാടകയായി എട്ടു ലക്ഷം രൂപ കിട്ടാനുണ്ടെന്ന വാദമുയര്‍ത്തിയാണ് പി.വി.ശ്രീനിജന്‍ എംഎല്‍എ സിലക്ഷന്‍ ട്രയല്‍സ് തടഞ്ഞത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 17 ടീമിലേക്കുള്ള സിലക്ഷന്‍ ട്രയല്‍സാണ് പനമ്പിള്ളി നഗര്‍ സ്‌കൂളിലെ ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്നത്. ഇതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുട്ടികളും രക്ഷിതാക്കളും കൊച്ചിയിലെത്തിയിരുന്നു. ഫുട്‌ബോള്‍ സ്വപ്നവുമായി ഇന്നലെ രാത്രി തന്നെ കൊച്ചിയിലെത്തിയ കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു.
ഇന്നു രാവിലെ സിലക്ഷന്‍ ട്രയല്‍സിനായി സ്‌കൂളിലെത്തിയപ്പോഴാണ് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്. തുടര്‍ന്ന് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ്, സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന ആരോപണവുമായി പി.വി.ശ്രീനിജന്‍ എംഎല്‍എ ഗേറ്റ് പൂട്ടിയെന്ന മറുപടി ലഭിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കേരള ബ്ലാസ്റ്റേഴ്‌സ് നല്‍കാനുള്ള വാടക കുടിശികയായെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അതേസമയം, വാടക കൃത്യമായിത്തന്നെ നല്‍കിയിട്ടുണ്ടെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരാറെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്‌കൂള്‍ ഗ്രൗണ്ടിന്റെ വാടക കൃത്യമായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനു നല്‍കിയിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എന്ത് അടിസ്ഥാനത്തിലാണ് ഗേറ്റ് പൂട്ടിയതെന്ന് അറിയില്ലെന്നും അവര്‍ വിശദീകരിച്ചു.