ന്യൂഡല്‍ഹി: കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി നവീകരിച്ച ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ പാലസിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 5നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, പി.രാജീവ്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
എംപിമാരായ എളമരം കരിം, ബിനോയ് വിശ്വം, ശശി തരൂര്‍, ജോസ് കെ.മാണി, ഇ.ടി.മുഹമ്മദ് ബഷീര്‍, സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്, കേരള ചീഫ് സെക്രട്ടറി ഡോ.വി.വേണു, കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ സൗരഭ് ജെയിന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍, ഓംചേരി എന്‍.എന്‍.പിള്ള, കവി കെ.സച്ചിദാനന്ദന്‍, ജനസംസ്‌കൃതി പ്രസിഡന്റ് വിനോദ് കമ്മാളത്ത്, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ.രഘുനാഥ്, കേരള എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ എ.എം.ദാമോദരന്‍, ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബാബു പണിക്കര്‍, കേരള ഹൗസ് കണ്‍ട്രോളര്‍ സി.എ.അമീര്‍ എന്നിവര്‍ പ്രസംഗിക്കും.
ഉദ്ഘാടനശേഷം ഡോ.രാജശ്രീ വാരിയര്‍ ഭരതനാട്യവും ജയപ്രഭ മേനോന്‍ മോഹിനിയാട്ടവും അവതരിപ്പിക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമാണു ചടങ്ങിലേക്കു പ്രവേശനം. കേരള ചരിത്രത്തെക്കുറിച്ചുള്ള 23 മിനിറ്റ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 5 ദിവസം പൊതുജനങ്ങള്‍ക്കായി ഷോ പ്രദര്‍ശിപ്പിക്കും. കേരള ചരിത്രത്തിന്റെ ആദ്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ആശയം നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനാണു തയാറാക്കിയത്. 68 മുറികളുള്ള നവീകരിച്ച ട്രാവന്‍കൂര്‍ പാലസില്‍ 5 ആര്‍ട് ഗാലറികളുമുണ്ട്.