തിരുവനന്തപുരം: ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ വന്നത് തന്റെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഐജി ലക്ഷ്മണ്‍ ചീഫ് സെക്രട്ടറി വി.വേണുവിനു കത്തു നല്‍കി. ഹര്‍ജി പിന്‍വലിക്കാന്‍ തന്റെ അഭിഭാഷകനോടും ലക്ഷ്മണ്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഗുരുതര പരാമര്‍ശങ്ങള്‍ വന്നതോടെ അച്ചടക്ക നടപടി ഒഴിവാക്കാനാണ് ഹര്‍ജി പിന്‍വലിക്കുന്നത്.
വ്യാജപുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭിച്ച നോട്ടിസിന് മറുപടിയായി, എഫ്‌ഐആര്‍ റദ്ദാക്കണമെന്നും കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങളാണ് തന്റെ അറിവോടെയല്ലെന്ന് ലക്ഷ്മണ്‍ സര്‍ക്കാരിനെ അറിയിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി താന്‍ ഇതുവരെ കണ്ടിട്ടില്ല. മാധ്യമ വാര്‍ത്തകളിലൂടെയാണ് ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാമര്‍ശങ്ങളുള്ള വിവരം അറിഞ്ഞതെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാബാഹ്യ അധികാര കേന്ദ്രം പ്രവര്‍ത്തിക്കുന്നതായാണ് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പു കേസില്‍ ഉള്‍പ്പെടുത്തിയതിന് എതിരെയായിരുന്നു ഹര്‍ജി. മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുകയും ഒത്തുതീര്‍പ്പിന് നേതൃത്വം നല്‍കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 17ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ലക്ഷ്മണ്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കും. കേസില്‍ മൂന്നാം പ്രതിയാണ് ലക്ഷ്മണ്‍. കൂട്ടുപ്രതികളായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, മുന്‍ ഡിഐജി എസ്.സുരേന്ദ്രന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സര്‍വീസിലുള്ള ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ രംഗത്തുവന്നത് രാഷ്ട്രീയ വിവാദമായിരുന്നു. നടപടിയുണ്ടാകുമെന്ന് സൂചന ലഭിച്ചതോടെയാണ് ഹര്‍ജി പിന്‍വലിക്കാന്‍ ലക്ഷ്മണ്‍ തീരുമാനിച്ചത്.
മോന്‍സന് വഴിവിട്ട പല സഹായങ്ങളും ഐജി നല്‍കിയിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. മോന്‍സന്റെ വാട്‌സാപ്പ് ചാറ്റുകളടക്കം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. സസ്‌പെന്‍ഡ് ചെയ്ത ലക്ഷ്മണിനെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2023 ഫെബ്രുവരിയില്‍ സര്‍വീസില്‍ തിരിച്ചെടുത്തു. വകുപ്പുതല നടപടികള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് തിരിച്ചെടുത്തത് എന്നായിരുന്നു വിശദീകരണം. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ലക്ഷ്മണ്‍.