സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് കോടതി നാടകങ്ങളാണെന്ന് സംവിധായകന്‍ വിനയന്‍. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളില്‍ കേസുകൊടുപ്പിച്ചു തള്ളിക്കുകയാണ്. ഇത്തരം വാര്‍ത്തകളിലൂടെ താന്‍ തെറ്റുകാരനല്ലെന്ന് വരുത്തി തീര്‍ക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ലക്ഷ്യമെന്നും വിനയന്‍ ഫെയ്‌സ്ബുക്കില്‍ എഴുതി. മറ്റൊരു നടപടി ഉണ്ടായില്ലങ്കിലും ഇനിയുള്ള അവാര്‍ഡുദാന ചടങ്ങില്‍ നിന്നും ചലച്ചിത്രമേളകളില്‍ നിന്നും കളങ്കിതനെന്ന് ആരോപണം ഉയര്‍ന്ന ചെയര്‍മാനെ മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിനയന്‍ ആവശ്യപ്പെട്ടു.
ധാര്‍മ്മികതയുടെ പേരിലാണങ്കിലും നിയമപരമായിട്ടാണങ്കിലും തെറ്റുചെയ്തു എന്ന് പകലുപോലെ വ്യക്തമായ സാഹചര്യത്തില്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുന്നതാണ് മാന്യത എന്നാണ് താന്‍ അന്നും ഇന്നും പറയുന്നതെന്ന് വിനയന്‍ പറഞ്ഞു. കോടതിയില്‍ കേസിനു പോകുമെന്നോ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുമെന്നോ താനൊരിടത്തും പറഞ്ഞിട്ടില്ല. ഒരു നിലപാടെടുത്താല്‍ യാതൊരു കാരണവശാലും താനതില്‍നിന്നു മാറുകയില്ല എന്ന് തന്നെ മനസ്സിലാക്കിയിട്ടുള്ള സുഹൃത്തുക്കള്‍ക്കറിയാം. ജൂറി മെമ്പര്‍മാരുടെ വോയിസ് ക്ലിപ്പ് ഉള്‍പ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയില്‍ പോയാല്‍ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല അതിനു പോകാതിരുന്നത്. അക്കാദമി ചെയര്‍മാന്‍ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് താന്‍ കരുതിയതെന്നും വിനയന്‍ പറഞ്ഞു.
‘സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങള്‍ നടത്തി നിയമത്തിന്റെ കണ്ണില്‍ പൊടിയിട്ട് ആ പബ്ലിസിറ്റിയില്‍ രക്ഷപെടാനുള്ള ശ്രമം മറു പക്ഷത്ത് നടക്കുന്നു എന്നത് പരിഹാസ്യമാണ്. ചില ഡമ്മി കക്ഷികളെ കണ്ടെത്തി യാതൊരു തെളിവും ഹാജരാക്കാതെ കോടതികളില്‍ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാര്‍ത്ത കൊടുത്ത് താന്‍ തെറ്റുകാരനല്ലന്ന് വരുത്തി തീര്‍ക്കുക. ഈ തിരക്കഥ കാലഹരണപ്പെട്ടതാണന്ന് പറഞ്ഞു കൊള്ളട്ടെ. ഇന്ന് സുപ്രീംകോടതിയില്‍ ചെല്ലുമ്പോള്‍ അവിടെ തടസ്സ ഹര്‍ജി കൊടുത്തു എന്നു കൂടി വാര്‍ത്തവന്നാല്‍ സംഗതി വളരെ വിശ്വസനീയമായി എന്നു ധരിക്കുന്നെങ്കില്‍ അതില്‍ ഇങ്ങനൊരു ചതി ഉണ്ടായിരുന്നു എന്ന് നിങ്ങളെ ധരിപ്പിക്കേണ്ടത് എന്റെ ആവശ്യമാണ്. അക്ഷന്തവ്യമായ തെറ്റാണ് രഞ്ജിത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന കാര്യത്തില്‍ കേരളത്തില്‍ സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും സംശയമുണ്ട് എന്നെനിക്കു തോന്നുന്നില്ല. രഞ്ജിത്തിന്റെ നാളുകളായുള്ള മൗനവും അതിനെ ശരിവെയ്ക്കുന്നതാണല്ലോ?’ വിനയന്‍ ചൂണ്ടിക്കാട്ടി.