നടന്‍ രാം ചരണിനും അപ്പോളോ ഹോസ്പിറ്റല്‍ വൈസ് ചെയര്‍പേഴ്സണുമായ ഉപാസനയ്ക്കും പെണ്‍കുഞ്ഞു പിറന്നു. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലാണ് ഉപാസനയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നത്. ഹോസ്പിറ്റല്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അറിയിച്ചു.
2012ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. കഴിഞ്ഞ ഡിസംബറിലാണ് അച്ഛനാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത രാംചരണ്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ ഉപാസനയ്ക്കായി ബേബി ഷവര്‍ പാര്‍ട്ടിയും രാംചരണ്‍ ഒരുക്കിയിരുന്നു. ഓസ്‌കര്‍ പുരസ്‌കാര വേദി പങ്കിടാനും രാംചരണിനൊപ്പം ഉപാസന എത്തിയിരുന്നു.
കുട്ടികള്‍ ഉണ്ടാകുന്നതിന് മുമ്പ് തന്നെ സാമ്പത്തികമായി സുരക്ഷിതരാകണമെന്ന് താനും രാം ചരണും തീരുമാനിച്ചിരുന്നതായും കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഉപാസന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഞാനും റാമും അണ്ഡം ശീതീകരിക്കുക എന്ന തീരുമാനം നേരത്തെ തന്നെ എടുത്തതാണ്. വിവാഹത്തിന്റെ തുടക്കത്തില്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങള്‍ ഇരുവരും ശ്രമിച്ചത്. ഇപ്പോള്‍ സാമ്പത്തികമായി ഞങ്ങള്‍ സുരക്ഷിതരാണ്. ഒരു കുട്ടിയെ പരിപാലിക്കാനും ആ കുഞ്ഞിന് സുരക്ഷിതമായ ഭാവി നല്‍കാനും ഞങ്ങള്‍ പ്രാപ്തരാണ്.’ ഉപാസന പറഞ്ഞു.