തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും. വടക്കന്‍ ജില്ലകളിലാകും മഴ ശക്തമാകുകയെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 5 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ യെലോ അലര്‍ട്ടുള്ളത് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്.
ഇന്ന് 5 ജില്ലകളില്‍ അവധിയാണ്. കോട്ടയം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പിഎസ്‌സി പരീക്ഷകള്‍ക്കു മാറ്റമില്ല. കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
ഇടുക്കി ജില്ലയില്‍ മലയോര മേഖലകളിലേക്ക് വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെയുള്ള യാത്രകള്‍ക്കു നിരോധനം തുടരുകയാണ്. എറണാകുളം ജില്ലയില്‍ കണ്ണമാലി മേഖലയിലെ കടല്‍ക്കയറ്റം തുടരുന്നു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കി.