ലേ: ലഡാക്കിലെ പാംഗോങ്ങിലേക്ക് ബൈക്ക് യാത്ര നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സൂപ്പര്‍ ബൈക്കില്‍ റൈഡര്‍മാരുടെ വേഷവിധാനങ്ങളോടെയായിരുന്നു രാഹുലിന്റെ യാത്ര. വ്യാഴാഴ്ച ലഡാക്കിലെത്തിയ രാഹുല്‍ ഇന്നു രാവിലെയാണ് ലേയില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുള്ള പാംഗോങ് തടാകത്തിലേക്ക് ഏതാനും പേര്‍ക്കൊപ്പം ബൈക്ക് യാത്ര നടത്തിയത്.
‘ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് എന്റെ പിതാവ് പറയുമായിരുന്ന പാംഗോങ് തടാകത്തിലേക്ക്’ എന്ന കുറിപ്പോടെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.
രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്‍മദിനമാണ് ഞായറാഴ്ച. അന്ന് രാഹുല്‍ പാംഗോങ് തടാകക്കരയില്‍ ചെലവഴിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 2019ല്‍ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനുശേഷം രാഹുല്‍ ആദ്യമായി ലഡാക്കിലേക്ക് നടത്തുന്ന യാത്രയാണിത്. ഇന്നു മടങ്ങാനായിരുന്നു തീരുമാനമെങ്കിലും യാത്ര 25 വരെ നീട്ടിയതായി കോണ്‍ഗ്രസ് അറിയിച്ചു.