ന്യൂഡല്‍ഹി: ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഡല്‍ഹിയിലുള്ള രാഹുല്‍ വ്യാഴാഴ്ച പുതുപ്പള്ളിയില്‍ എത്തുമെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച മൂന്നരയ്ക്കാണു സംസ്‌കാര ചടങ്ങുകള്‍.
തിരുവനന്തപുരത്തെ പൊതുദര്‍ശനങ്ങള്‍ക്കുശേഷം കോട്ടയത്തേക്കുള്ള വിലാപയാത്രയിലും ആയിരക്കണക്കിനു പേരാണ് ഉമ്മന്‍ ചാണ്ടിയെ ഒരുനോക്കു കാണാനായി വഴിയോരത്തു കാത്തുനില്‍ക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ (79) വിയോഗം. പ്രതിപക്ഷ ഐക്യത്തിനായുള്ള നിര്‍ണായക യോഗം നടക്കുന്ന ദിവസം ബെംഗളൂരുവിലുണ്ടായിരുന്ന സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള പ്രതിപക്ഷ നിര ഉമ്മന്‍ ചാണ്ടിയുടെ വിയോഗവാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്. ‘ചാണ്ടി ജീ’ എന്ന് വിളിക്കുന്ന, കോണ്‍ഗ്രസിന്റെ ജനകീയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവര്‍ ഓടിയെത്തി.
കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്‍ മന്ത്രി അന്തരിച്ച ടി.ജോണിന്റെ വസതിയിലായിരുന്നു ബെംഗളൂരുവില്‍ ഉമ്മന്‍ ചാണ്ടി താമസിച്ചിരുന്നത്. ആ വീട്ടിലെ സ്വീകരണ മുറിയില്‍ നിശ്ചലനായി കിടന്ന അദ്ദേഹത്തിനു ദേശീയ നേതാക്കള്‍ നിറകണ്ണുകളോടെ വിടചൊല്ലി. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ആശ്വസിപ്പിച്ചു. സോണിയയ്ക്കു മുന്നില്‍ മറിയാമ്മയുടെയും മക്കളുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. സഹപ്രവര്‍ത്തകന്റെ മൃതദേഹത്തിനു മുന്നില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ വികാരാധീനനായി നിന്നു.