കല്‍പറ്റ: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടശേഷം രാഹുല്‍ ഗാന്ധി എംപി ശനിയാഴ്ച വയനാട്ടിലെത്തും. നിയമപോരാട്ടത്തിലൂടെ തിരിച്ചെത്തുന്ന എംപിക്ക് കെപിസിസിയുടെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ വന്‍ സ്വീകരണമാണൊരുക്കുന്നത്.
വൈകിട്ട് മൂന്നിനു കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പൊതുയോഗമാണ് പ്രധാന പരിപാടി. കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മാണം നടത്തിയ 9 വീടുകളുടെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ 11ന് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ ജില്ലാ കാന്‍സര്‍ സെന്ററില്‍ എച്ച്ടി കണക്ഷന്‍ ഉദ്ഘാടനം. 6.30ന് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. രാത്രിയോടെ ഡല്‍ഹിയിലേക്കു മടങ്ങും.
അനകൂല വിധി വന്ന കഴിഞ്ഞ വെള്ളിയാഴ്ച വിപുലമായ ആഹ്ലാദ പ്രകടനങ്ങള്‍ ജില്ലയില്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. അതിലും മികച്ച സ്വീകരണ പരിപാടി സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.