സോനിപ്പത്ത്: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി അപ്പീല്‍ തള്ളിയതിന്റെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടെ, ഹരിയാനയിലെ കര്‍ഷകര്‍ക്കൊപ്പം ഞാറു നട്ടും ട്രാക്ടറോടിച്ചും രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍നിന്ന് ഷിംലയിലേക്കുള്ള യാത്രയ്ക്കിടെ, ഇന്നു രാവിലെയാണ് വഴിയരികില്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട കര്‍ഷകരുടെ ഇടയിലേക്ക് രാഹുല്‍ ഇറങ്ങിയത്. സോനിപ്പത്തിലെ മദിന ഗ്രാമത്തിലാണ്, രാഹുല്‍ കര്‍ഷകര്‍ക്കൊപ്പം കൂടിയത്.
കര്‍ഷകരുമായി സംസാരിച്ച രാഹുല്‍ അവരുടെ പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞു. ഇതിനിടെയാണ് ട്രാക്ടര്‍ ഓടിച്ചും പരീക്ഷണം നടത്തിയത്. ഇടയ്ക്ക് മഴ ചാറിയെങ്കിലും അതെല്ലാം അവഗണിച്ച് രാഹുല്‍ കര്‍ഷകര്‍ക്കൊപ്പം തുടര്‍ന്നു.
കൃഷിപ്പണിയുടെ തിരക്കുകള്‍ക്കിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി പാടശേഖരത്തിനു സമീപമെത്തിയതെന്ന് മദിന ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകന്‍ സഞ്ജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
”പാടത്ത് പണിയെടുത്തിരുന്ന തൊഴിലാളികള്‍ക്ക് ആദ്യം രാഹുല്‍ ഗാന്ധിയെ മനസ്സിലായില്ല. അദ്ദേഹം ഏതാനും ആളുകള്‍ക്കൊപ്പം ഞങ്ങളുടെ കൃഷിയിടത്തിലേക്ക് നടന്നുവന്നപ്പോള്‍ വളരെയധികം സന്തോഷം തോന്നി. ഞങ്ങള്‍ അദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും പ്രാതല്‍ നല്‍കി. അദ്ദേഹം ഞങ്ങള്‍ നേരിടുന്ന വിഷമതകള്‍ ചോദിച്ചറിഞ്ഞു. ഞങ്ങളുടെ ട്രാക്ടറും ഓടിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്’ – സഞ്ജയ് കുമാര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി സോനിപ്പത്തിലെത്തിയ വിവരമറിഞ്ഞ് ബറോഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഇന്ദുരാജ് നര്‍വാള്‍, ഗോഹന എംഎല്‍എ ജഗ്ബിര്‍ മാലിക്ക് എന്നിവര്‍ സ്ഥലത്തെത്തി. രാഹുല്‍ ഗാന്ധിയെ കര്‍ഷകര്‍ക്കൊപ്പം കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നിയെന്ന് മാലിക്ക് പ്രതികരിച്ചു.
”തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും ട്രക്ക് ഡ്രൈവര്‍മാരുടെയും വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും മറ്റു വിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്ന ഒരു നേതാവാണ് രാഹുല്‍ ഗാന്ധി’ – മാലിക് പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി കര്‍ഷകരെ സന്ദര്‍ശിച്ചതിനെ പരിഹസിച്ച് ഹരിയാന കൃഷിമന്ത്രി ജെ.പി.ദലാല്‍ രംഗത്തെത്തി.
”നല്ല കാലാവസ്ഥയില്‍ ഫോട്ടോയെടുക്കുന്നതിനു പകരം 45 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ഒരു ദിവസം നട്ടുച്ചയ്ക്ക് ഒരു മണിക്കൂര്‍ ജോലി ചെയ്തിരുന്നെങ്കില്‍ കര്‍ഷകരുടെ യഥാര്‍ത്ഥ ബുദ്ധിമുട്ടുകള്‍ കോണ്‍ഗ്രസിന്റെ രാജകുമാരന് മനസ്സിലാക്കാമായിരുന്നു. ആ 45 ഡിഗ്രി ചൂടില്‍ ജോലി ചെയ്തിരുന്നെങ്കില്‍, അദ്ദേഹത്തിന് ഷിംലയിലേക്കു പോകേണ്ടി വരുമായിരുന്നില്ല. ഇവിടെ ഒരു മരത്തിന്റെ ചുവട്ടില്‍ത്തന്നെ അദ്ദേഹത്തിനു വേണ്ടത് കിട്ടുമായിരുന്നു’ – മന്ത്രി ട്വീറ്റ് ചെയ്തു.