തിരുവനന്തപുരം: വോട്ടെടുപ്പ് പൂർത്തിയായി കണക്ക് കൂട്ടലുകളിലേയ്ക്ക് കടന്ന രാഷ്ട്രിയപാർട്ടികൾ ഞെട്ടലിലാണ്. ബൂത്ത് ഏജന്റുമാർ നൽകിയ വിവരം എൽഡിഎഫ് , യുഡിഎഫ് കേന്ദ്രങ്ങൾക്ക് ശുഭപ്രതീക്ഷ നൽകുന്നതല്ല.ഇരു മുന്നണിയിലേയും പ്രധാന നേതാക്കൾ നൽകിയ പ്രസ്താവനകൾ ഇരുപക്ഷവും നേരിടുന്ന ആശയകുഴപ്പം വ്യക്തമാക്കുന്നു. കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദനാണ് ആദ്യം രംഗത്തെത്തിയത്. ചാണ്ടി ഉമ്മൻ വിജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും എന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും കുടുംബവും നടത്തിയ പ്രസ്താവനകളിൽ ശ്രീരാമനും സീതയും കടന്ന് വന്നത് മനപൂർവ്വമെന്നാണ് ഇടത്പക്ഷം കരുതുന്നത്. ബിജെപി വോട്ട് മറിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിമർശനം. അതേ സമയം യുഡിഎഫ് കേന്ദ്രങ്ങളും പ്രതീക്ഷിച്ച വോട്ട് ലഭിച്ചോയെന്ന് കാര്യത്തിൽ ആശങ്ക പങ്ക് വയ്ക്കുന്നു. ചില ബൂത്തുകളിൽ വോട്ടിങ്ങ് മന്ദഗതിയിലായതിനാൽ പലരും വോട്ട് ചെയ്യാതെ മടങ്ങിയെന്ന് കോൺഗ്രസ് ചൂണ്ടികാട്ടുന്നു. ഇക്കാര്യം സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സ്ഥിരീകരിക്കുന്നു.കളക്ടർ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അതേ സമയം പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം സർക്കാരിൻ്റെ ആണിക്കല്ലിളക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതീക്ഷ പങ്ക് വയ്ക്കുന്നു.എന്ത് അട്ടിമറി സംഭവിച്ചാലും വിജയമുറപ്പാണെന്നും യുഡിഎഫ് നേതാക്കൾ വിലയിരുത്തി.പക്ഷെ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുന്നില്ലെങ്കിലും യുഡിഎഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും വരാൻപോകുന്നതെന്നാണ് എൽഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്.
ട്രോളിന് മറുപടി.
പുതുപ്പള്ളി വേട്ടെടുപ്പ് ദിവസത്തിലെ പരാമർശം ട്രോളാക്കിയതിൽ മറുപടിയുമായി ചാണ്ടി ഉമ്മൻ. ഇത് സാമാന്യം ചെറിയ ആക്രമണം മാത്രമാണ്. സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്‌നമെന്നും അതിന്റെ പേരിൽ എന്നെ ട്രോളിയാലും മോശക്കാരനായി ചിത്രീകരിച്ചാലും സാരമില്ലെന്നും ചാണ്ടി ഉമ്മൻ.വോട്ട് ചെയ്യാൻ അവസരം ലഭിക്കാതെ വോട്ടർമാർ തിരികെ പോകുന്ന സ്ഥിതി പുതുപ്പളളിയിലുണ്ടായി. പോളിംഗ് ശതമാനം കുറഞ്ഞതിന് കാരണം ഇലക്ഷൻ കമ്മീഷൻ പരിശോധിക്കണം. വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്ന് ചിലരെ തടയാൻ സംഘടിത നീക്കം നടന്നോ എന്ന് സംശയിക്കുന്നു. അതുകൊണ്ടാണ് മറ്റു ബൂത്തുകളിലേക്ക് വോട്ടർമാരെ മാറ്റിക്കൂടെ എന്ന് ചോദിച്ചതെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ് പുതുപ്പളി ..1970 മുതൽ പുതുപ്പള്ളിയെ നിയമസഭയിൽ പ്രതിനിധീകരിച്ചത് കോൺഗ്രസിൻറെ ഉമ്മൻ ചാണ്ടിയായിരുന്നു. പുതുപ്പള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് 12 നിയമസഭകളിൽ അംഗമായി ഉമ്മൻ ചാണ്ടി റെക്കോർഡിട്ടു. എന്നാൽ അപ്രതീക്ഷിതമായുള്ള അദേഹത്തിൻറെ വിടവാങ്ങൽ സൃഷ്ടിച്ച ശൂന്യത പുതുപ്പള്ളി മണ്ഡലത്തെ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചു.. .സ്ഥാനാർഥിയായി യുഡിഎഫ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ കളത്തിലിറക്കിയപ്പോൾ സിപിഎമ്മിൻറെ കരുത്തുറ്റ യുവ നേതാവായ ജെയ്‌ക് സി തോമസായിരുന്നു ഇടതിന്റെ ശക്തി . എൻഡിഎ സ്ഥാനാർഥിയായി ലിജിൻ ലാലും അങ്കത്തിനിറങ്ങിയപ്പോൾ കളം നിറഞ്ഞു , കൊട്ടികലശവും വോട്ടെടുപ്പും കഴിഞ്ഞതോടെ ജനവിധി എണ്ണിത്തിട്ടപ്പെടുത്തുന്ന സെപ്റ്റംബർ എട്ടിലേക്ക് ഏവരും കണ്ണുംനട്ടിരിക്കുകയാണ്..