കോടിക്കണക്കിന് കളക്ഷന്‍ മാത്രമല്ല, ദേശീയ പുരസ്‌കാരം കൂടി സ്വന്തമാക്കിയിരിക്കുകയാണ് പുഷ്പരാജ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ തെലുങ്ക നടനെന്ന ഖ്യാതിയും അല്ലുവിന് സ്വന്തം.
1967 ലാണ് മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ആ വര്‍ഷം ബംഗാളി നടനായ ഉത്തം കുമാറാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. പിന്നീടിങ്ങോട്ട് ഹിന്ദി, തമിഴ്, മലയാളം, കന്നഡ, മറാത്തി, ഇംഗ്ലീഷ് ഭാഷകളിലെ പ്രകടനങ്ങള്‍ക്ക് നിരവധി അഭിനേതാക്കള്‍ മികച്ച നടന്മാരായി. എന്നാല്‍ തെലുങ്കില്‍ ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്.
തെലുങ്ക് സിനിമയും ഈ റെക്കോര്‍ഡ് ആഘോഷിക്കുകയാണ്. ഇത് തെലുങ്ക് സിനിമയ്ക്ക് അഭിമാന നിമിഷമാണെന്നാണ് ചിരഞ്ജീവി കുറിച്ചത്. എന്റെ പ്രിയ ബണ്ണിയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ചിരഞ്ജീവി ട്വീറ്റ് ചെയ്തത്. അല്ലു ഈ പുരസ്‌കാരത്തിനും എല്ലാ വിജയങ്ങള്‍ക്കും അര്‍ഹനാണ് എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ കുറിച്ചത്.
അല്ലു ഏറെ വികാരാധീനനായാണ് തന്റെ പുരസ്‌കാര നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുമുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോള്‍ ഈ പുരസ്‌കാരം ഇരട്ടി ശക്തി പകരുമെന്നാണ് ആരാധകരുടെ പക്ഷം.