കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമാണെങ്കില്‍ പോലും കോട്ടയം പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനും എല്‍ഡിഎഫിനും ഏറെ നിര്‍ണായകമാണ്. ഉമ്മന്‍ ചാണ്ടിയെ അഞ്ചു പതിറ്റാണ്ട് കാലം നിയമസഭയിലേക്ക് അയച്ച പുതുപ്പള്ളി ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും? ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ചൂടേറുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മന്‍ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിന് പുതുപ്പള്ളി സാക്ഷ്യം വഹിക്കുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്.
പുതുപ്പള്ളിയില്‍ കന്നിയങ്കത്തിന് ഇറങ്ങിയ ചാണ്ടി ഉമ്മന്‍ അപ്പന് പിന്‍ഗാമിയാകുമോ അതോ രണ്ടുതവണ ഉമ്മന്‍ ചാണ്ടിയെ നേരിട്ട എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസ് മൂന്നാം അങ്കത്തില്‍ പുതുപ്പളളി കൈപ്പിടിയിലൊതുക്കുമോ? അതുമല്ലെങ്കില്‍ ഇടതുവലതു മുന്നണികളെ മാറ്റിനിര്‍ത്തി ബിജെപിയുടെ ലിജിന്‍ ലാലിന് വോട്ടു കുത്തുമോ?. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന്റെ ഭാഗമായി വന്ന സഹതാപ തരംഗം, മത-സാമുദായിക ഘടകങ്ങള്‍, സ്ഥാനാര്‍ത്ഥിയുടെ മികവ്, പിണറായി സര്‍ക്കാറിന്റെ പ്രകടനം, പ്രതിപക്ഷത്തിന്റെ പ്രകടനം, മണ്ഡല വികസനം, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ന്യൂസ് ഫോര്‍ സര്‍വേ ടീം വോട്ടര്‍മാരുടെ അഭിപ്രായ സര്‍വ്വേ നടത്തിയത്.
ജനം ആര്‍ക്കൊപ്പം?
ന്യൂസ് ഫോര്‍ സര്‍വ്വേ പ്രകാരം ചാണ്ടി 72.85 ശതമാനം വോട്ട് സ്വന്തമാക്കും. പുതുപ്പളളിയിലെ 1,75605 വോട്ടര്‍മാരില്‍ 102548 പേരും ചാണ്ടി ഉമ്മനെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കും. ചാണ്ടി ഉമ്മന് ലഭിക്കുക 28000 മുതല്‍ 39000 വരെയുള്ള വോട്ടുകളുടെ ഭൂരിപക്ഷമായിരിക്കും. സര്‍വ്വേ ഫലിച്ചാല്‍ ഇത് പുതുപ്പള്ളി നിയമസഭാ മണ്ഡലം ഇതുവരെ കാണാത്ത റെക്കോര്‍ഡ് ഭൂരിപക്ഷം ആയിരിക്കും. 12 തവണ പുതുപ്പളളിയുടെ എംഎല്‍എ ആയിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഇതുവരെ നേടാനായ ഏറ്റവും വലിയ ഭൂരിപക്ഷം 33,225 വോട്ടിന്റേതാണ്. 2011ലെ തിരഞ്ഞെടുപ്പില്‍ സുജ സൂസന്‍ ജോര്‍ജിന് എതിരെയായിരുന്നു ഈ വിജയം. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗം ചാണ്ടി ഉമ്മന് അനുകൂലമാകാന്‍ സാധ്യതയുണ്ട്. വികസനത്തേക്കാള്‍ സഹതാപമായിരിക്കും ചര്‍ച്ചയാകുക.
സ്ത്രീവോട്ടുകളില്‍ കൂടുതലും ചാണ്ടി ഉമ്മനുള്ളതാണെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. മികച്ച സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിനും യുഡിഎഫിന്റെ ചാണ്ടി ഉമ്മന് ഒപ്പമാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും. അതേസമയം
വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍കാട്, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം എന്നീ എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതില്‍ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. ബാക്കി ആറും എല്‍ഡിഎഫ് ഭരണമാണ്. പക്ഷേ ന്യുസ് ഫോര്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ എട്ടുപഞ്ചായത്തുകളിലും യുഡിഎഫിന് ലീഡുണ്ട്.
ചാണ്ടി ഉമ്മന്‍ ജെയ്ക്ക് സി തോമസ് ലിജിന്‍ലാല്‍
മുന്‍ എംഎല്‍എ ഉമ്മന്‍ ചാണ്ടിയുടെ പ്രകടനം മികച്ചതായിരുന്നുവെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. അതായത് സഹതാപമല്ല, കൃത്യമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് പുതുപ്പള്ളിയില്‍ വോട്ട് വീഴുന്നത് എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.
ചാണ്ടി ഉമ്മന് എതിരാളിയായ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ലഭിക്കുക വെറും 35 ശതമാനം വോട്ട് മാത്രമായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ ഇറങ്ങിയുളള പുതുപ്പളളിയിലെ ഇടത് പ്രചാരണത്തില്‍ ഉന്നയിക്കുന്ന പ്രധാന വിഷയം വികസനമാണ്. മുഖ്യമന്ത്രി കൂടിയായിരുന്ന ഉമ്മന്‍ചാണ്ടി എംഎല്‍എ ആയിരുന്നിട്ടും പുതുപ്പള്ളി വികസനത്തില്‍ ഏറെ പിന്നിലാണ് എന്ന് ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് വികസന കാര്യത്തില്‍ പുതുപ്പളളിയിലെ വോട്ടര്‍മാരുടെ പ്രതികരണമെന്നാണ് ന്യൂസ് ഫോര്‍ അഭിപ്രായ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്.
ബിജെപിയുടെ സ്ഥാനാര്‍ത്ഥി ജി ലിജിന്‍ലാലിന് 4991 വോട്ടുകള്‍ മാത്രമേ ലഭിക്കൂ എന്നും സര്‍വ്വേ പറയുന്നു.
55.19 ശതമാനം വോട്ടര്‍മാര്‍ പറയുന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല എന്നാണ്. വികസനം ഒരു പ്രശ്നമായി നിലനില്‍ക്കുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ശേഷമുളള വൈകാരിക പശ്ചാത്തലത്തില്‍ ചാണ്ടി ഉമ്മന് വിജയം അനായാസമായേക്കും എന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്.
മുന്നണികള്‍ക്കു പ്രചാരണത്തിന് ഒരുമാസം പോലും തികച്ചില്ല. അതിനുള്ളില്‍ വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്താനുള്ള പതിനെട്ടടവും പയറ്റണം. ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ ആര് വാഴും?. മകന്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിക്കാര്‍ സ്വീകരിക്കുമോ?, ജെയ്ക് സി തോമസിന് ഒരു ഊഴം നല്‍കുമോ?, പുതുപ്പള്ളിക്കാരുടെ മനസിലിരുപ്പ് കണ്ട് തന്നെ അറിയാം.
സര്‍വ്വേ ഒറ്റനോട്ടത്തില്‍
ചാണ്ടി ഉമ്മന്‍ (യുഡിഎഫ്)-55
ജെയ്ക്ക് സി തോമസ്(എല്‍ഡിഎഫ്)-32
ലിജിന്‍ലാല്‍ (എന്‍ഡിഎ)-9
എഎപി-കാര്യമായ ചലനം ഉണ്ടാക്കില്ല