തിരുവനന്തപുരം: എച്ച് ജോഷിനെ പിഎസ്സി അംഗമാക്കി നിയമിക്കുന്നതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍. ആരോപണ വിധേയനായയാളെ പിഎസ്സി അംഗമാക്കിയതിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസില്‍ ഉള്‍പ്പെട്ട ജോഷിനെ പിഎസ്സി അംഗമാക്കുന്നതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമന ഫയലില്‍ തീരുമാനം എടുക്കാതെ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.
ജൂലൈ 5 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് എച്ച് ജോഷിനെ പിഎസ്സി അംഗമായി ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ നിയമനം നടക്കുകയുള്ളൂ. അതിനിടെയാണ് എച്ച് ജോഷിനെതിരെ നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് മുന്നിലേക്കെത്തുന്നത്. സിഎസ്ഐ തിരുവനന്തപുരം മഹാ ഇടവകയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് ആരോപണങ്ങളാണ് എച്ച് ജോഷിനെതിരെ നിലനില്‍ക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഫയലില്‍ തീരുമാനമെടുക്കാതെ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയത്.