ന്യൂഡല്‍ഹി: ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ഡോക്ടര്‍മാര്‍ ജനറിക് പേരുകള്‍ കുറിക്കണമെന്ന ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) ഉത്തരവിന് വിലക്ക്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷനും കേന്ദ്രത്തിനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. എന്‍എംസിയുടെ ഉത്തരവിനെതിരെ ഡോക്ടര്‍മാര്‍ ആദ്യം മുതല്‍ തന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തു ‘ജനറിക് മരുന്നുകളുടെ’ ഗുണനിലവാര നിയന്ത്രണം കുറവാണെന്നും ഇത്തരം ഉത്തരവുകള്‍ രോഗികളെ അപകടത്തില്‍പ്പെടുത്തുമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ വാദം.
നാഷനല്‍ മെഡിക്കല്‍ കമ്മിഷന്റെ, 2023 റജിസ്റ്റര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷനല്‍ റെഗുലേഷന്‍സിലാണ് ഡോക്ടര്‍മാര്‍ മരുന്നുകളുടെ ജനറിക് പേരുകള്‍ കുറിക്കണമെന്നു നിര്‍ബന്ധമാക്കിയത്. ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ ജനറിക് മരുന്നുകള്‍ക്കു 30 മുതല്‍ 80 ശതമാനം വരെ വിലക്കുറവുള്ളതിനാല്‍ പുതിയ ഉത്തരവ് ആരോഗ്യസംരക്ഷണ ചെലവു കുറയ്ക്കുമെന്നായിരുന്നു റെഗുലേറ്ററി ബോഡിയുടെ വാദം.