മോസ്‌കോ: റഷ്യയിലുണ്ടായ സായുധ അട്ടിമറി നീക്കങ്ങള്‍ക്ക് ശേഷം വാഗ്‌നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിന്‍ റഷ്യയിലേക്ക് മടങ്ങിയതായി ബെലാറുസ് പ്രസിഡന്റ് അലക്‌സാന്‍ഡര്‍ ഗ്രിഗോറിയേവിച്ച് ലുകാഷെന്‍കോ. ” പ്രിഗോഷിന്‍ ബെലാറുസ് അതിര്‍ത്തികളില്ല. അദ്ദേഹം സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് മടങ്ങി. ചിലപ്പോള്‍ മോസ്‌കോയിലേക്ക് നീങ്ങിയേക്കാം. വാഗ്‌നര്‍ സൈന്യം യുക്രെയ്‌നില്‍ പോരാട്ടത്തിനായി ക്യാമ്പുകളിലാണ്”- അലക്‌സാന്‍ഡര്‍ ലുകാഷെന്‍കോ പറഞ്ഞു.
റഷ്യയേയും ഭരണകൂടത്തെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് വാഗ്‌നര്‍ കൂലിപ്പട്ടാളം അട്ടിമറി നീക്കത്തില്‍നിന്ന് പിന്മാറിയത്. തലസ്ഥാനമായ മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അടുത്തെത്തിയ ശേഷമാണ് ഒത്തുതീര്‍പ്പു ശ്രമങ്ങളുടെ ഭാഗമായി വാഗ്‌നര്‍ ഗ്രൂപ്പിന്റെ പിന്മാറ്റം. ബെലാറുസ് പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം. ഇതിനു ശേഷം പ്രിഗോഷിനു ബെലാറുസില്‍ അഭയം നല്‍കിയിരുന്നു. ജൂണ്‍ 27ന് പ്രിഗോഷിന്‍ ബെലാറുസിന്റെ തലസ്ഥാനമായ മിന്‍സ്‌ക്കില്‍ എത്തിയിരുന്നു. ഇതിനിടെ പ്രിഗോഷിനെതിരെയും വാഗ്‌നര്‍ ഗ്രൂപ്പിനെതിരേയും എടുത്ത കേസുകള്‍ എല്ലാം റഷ്യ പിന്‍വലിച്ചിരുന്നു.