മിന്‍സ്‌ക്: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട വാഗ്‌നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിന് ജീവാപായം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെലാറുസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകഷെന്‍കോ. പ്രിഗോഷിനോടും ദിമിത്രി ഉത്കിനിനോടും ബെലാറുസില്‍ തുടരാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ലുകഷെന്‍കോ പറഞ്ഞു.
പുടിന്‍ ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങിയ പ്രിഗോഷിനെ ആദ്യഘട്ടത്തില്‍ സഹായിക്കാനെത്തിയത് ലുകഷെന്‍കോ ആയിരുന്നു. റഷ്യന്‍ സര്‍ക്കാരുമായി മധ്യസ്ഥചര്‍ച്ച നടത്തി പ്രിഗോഷിനും ചില അനുയായികള്‍ക്കും ബെലാറുസിലേക്കു പോകാന്‍ വഴിയൊരുക്കിയത് ലുകഷെന്‍കോ ആണ്. പ്രിഗോഷിനെയും അനുയായികളെയും തുടച്ചുനീക്കാനുള്ള പുടിന്റെ തീരുമാനം തടയാന്‍ കഴിഞ്ഞുവെന്നും ലുകഷെന്‍കോ പറഞ്ഞിരുന്നു.
ജീവാപായം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പ്രഗോഷിന്‍ രണ്ടുതവണ തള്ളിക്കളഞ്ഞുവെന്ന് ലുകഷെന്‍കോ പറഞ്ഞു. മോസ്‌കോയിലേക്കു മാര്‍ച്ച് ചെയ്താല്‍ മരണം ഉറപ്പാണെന്ന് കലാപത്തിനിടെ പ്രിഗോഷിനോടു പറഞ്ഞിരുന്നു. എന്നാല്‍ മരിക്കാന്‍ തയാറാണെന്നായിരുന്നു മറുപടി. പിന്നീട് തന്നെ വന്നു കണ്ടപ്പോഴും പ്രിഗോഷിനോടും ഉത്കിനിനോടും ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. എനിക്കു പുട്ടിനെ അറിയാം. സാവധാനം കണക്കുകൂട്ടിയാവും തീരുമാനം എടുക്കുക. പുട്ടിനാണിത് ചെയ്തതെന്നു പറയാനാവില്ല. അവശേഷിക്കുന്ന വാഗ്‌നര്‍ പോരാളികള്‍ ബെലാറുസില്‍ തുടരും. – ലുകഷെന്‍കോ പറഞ്ഞു. പ്രിഗോഷിനെ കൊന്നത് റഷ്യയാണെന്ന ആരോപണം കള്ളമാണെന്നു റഷ്യന്‍ ഭരണകൂടം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വിമാനാപകടത്തില്‍ മരിച്ചത് ആരെല്ലാമാണെന്ന് കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവ പുരോഗമിക്കുകയാണ്. ശതകോടീശ്വര വ്യവസായിയായ പ്രിഗോഷിന്‍, പുട്ടിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. പുടിനെതിരെ തിരിഞ്ഞതിനാല്‍ പ്രിഗോഷിനെ കൊലപ്പെടുത്തിയെന്ന് തന്നെയുള്ള ആരോപണമാണ് ശക്തം. അതേസമയം, വിമാനാപകടത്തില്‍ യുക്രെയ്‌നിനു പങ്കില്ലെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
മോസ്‌കോയില്‍നിന്നു സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കു പോകുകയായിരുന്ന വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌നര്‍ ബന്ധമുള്ള ടെലിഗ്രാം ചാനല്‍ അറിയിച്ചത്. വിമാനം വീഴ്ത്തിയതിനു പിന്നില്‍ റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) ആണെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്‍ സഞ്ചരിച്ച വിമാനം മോസ്‌കോയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ തിവീര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീഴുകയായിരുന്നു. സ്വകാര്യവിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ പ്രിഗോഷിന്റെയും വാഗ്‌നര്‍ ഗ്രൂപ്പിന്റെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍ ദിമിത്രി ഉത്കിനിന്റെയും പേരുകളുണ്ടെന്ന് വ്യോമയാനവകുപ്പിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താഏജന്‍സിയാണ് അറിയിച്ചത്.വ്‌ളാഡിമിര്‍ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയതിന്റെ പ്രതികാരമായി പ്രിഗോഷിനെയും കൂട്ടരെയും ഇല്ലായ്മ ചെയ്‌തെന്ന നിഗമനമാണു പാശ്ചാത്യരാജ്യങ്ങള്‍ക്കുള്ളത്.