ആള്ക്കൂട്ടങ്ങള്ക്കിടയിലല്ലാതെ ഉമ്മന്‍ ചാണ്ടി എന്ന ജനപ്രിയ നേതാവിനെ കാണാനാകുമായിരുന്നില്ല. എവിടെയും അദ്ദേഹത്തിന് ചുറ്റും സഹായങ്ങള്‍ തേടിയെത്തുന്നവരുടെ കൂട്ടമുണ്ടായിരുന്നു. വേദിയിലിരിക്കാതെ ജനങ്ങള്‍ക്കിടയിലിറങ്ങി ജനങ്ങളുടെ വേദനകളറിഞ്ഞ് പരിഹാരം കണ്ടെത്തുന്ന ആ ജനകീയ നേതാവിനെ മലയാളികള്‍ ഏറെ സ്‌നേഹത്തോടെയാണ് ചാണ്ടി സാറെന്ന് വിളിച്ചത്. ഏതൊരു പ്രതിസന്ധിയിലും ജനങ്ങള്‍ ആദ്യമോര്‍ക്കുന്ന പേരുകളിലൊന്ന് ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു.
ജനസമ്പര്‍ക്ക പരിപാടികളിലൂടെ ഉമ്മന്‍ ചാണ്ടിയെന്ന നേതാവ് ജനങ്ങളിലേക്ക് കൂടുതലിറങ്ങിച്ചെന്നു. അവരിലൊരാളായി. അവരുടെ പ്രശ്‌നങ്ങള്‍ കേട്ടു. അവര്‍ക്ക് ആശ്വാസത്തിന്റെ പുഞ്ചിരി നല്‍കി. പുതുപ്പള്ളിയില്‍ നിന്ന് മാത്രമാണ് ഉമ്മന്‍ ചാണ്ടി മത്സരിച്ചത്. 53 വര്‍ഷം ഇടവേളകളേതുമില്ലാതെ ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായി. ഒരു തവണ പോലും തോല്‍വിയുടെ കൈപ്പറിയാന്‍ ജനങ്ങള്‍ അനുവദിച്ചില്ല. അത്രയ്ക്കായിരുന്നു ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളിക്കാരും തമ്മിലുള്ള ആത്മബന്ധം. അതേ ആഴം അദ്ദേഹം ഓരോ മലയാളിയോടും കാത്തുസൂക്ഷിച്ചു.
ഒരു വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയെന്തിന് മുഖ്യമന്ത്രി ചെയ്യണമെന്ന് ജനസമ്പര്‍ക്ക പരിപാടിയെ പരിഹസിച്ച് പലരുമെത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് സന്ദേഹമുണ്ടായിരുന്നില്ല. കേരളത്തിന്റെ ജനകീയ നേതാവെന്ന പൊന്‍തൂവലണിയാന്‍, ജനങ്ങളുടെ പ്രതിസന്ധികളറിയാന്‍ ഓരോ മനുഷ്യരിലേക്കും ഇറങ്ങിച്ചെന്ന ഉമ്മന്‍ ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കാണ് അവകാശം. ആ രാഷ്ട്രീയ അതികായന്‍ വിട പറയുമ്പോള്‍ രാഷ്ട്രീയ കേരളത്തിന്റെ മാത്രമല്ല, ഓരോ മലയാളിയുടേയും നഷ്ടമാണ്. വലിയ നഷ്ടം.