കോട്ടയം: വിജയപുരത്ത് രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്‌ളാറ്റുകള്‍ ചോര്‍ന്നൊലിക്കുന്നു. ചോര്‍ച്ചയെ കുറിച്ച് താമസക്കാര്‍ ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ കളക്ടര്‍ തന്നെ നടപടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കളക്ടറുടെ ഇടപെടലിന് ശേഷം തട്ടിക്കൂട്ട് പണി നടത്തി ലൈഫ് മിഷന്‍ അധികൃതര്‍ മടങ്ങിയതിന് പിന്നാലെ പെയ്ത ആദ്യ മഴയില്‍ തന്നെ വീണ്ടും ഫ്‌ളാറ്റുകള്‍ ചോരുകയാണ്.
ഒരാഴ്ച മുമ്പ് തന്നെ പ്രശ്‌നം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ അധികൃതര്‍ സ്ഥലത്തെത്തി അറ്റകുറ്റപ്പണികള്‍ നടത്തി മടങ്ങുകയും ചെയ്തു. എന്നിട്ടും ചോര്‍ച്ച മാറിയിട്ടില്ലെന്ന് ഫ്‌ളാറ്റിലെ താമസക്കാര്‍ പറയുന്നു. വീടുകളുടെ നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരത്തിലും താമസക്കാര്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിനിടെ ഫ്‌ളാറ്റിലെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നിര്‍മാണത്തില്‍ അഴിമതി നടന്നെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.