കൊച്ചി: നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന വ്യവസ്ഥയുമായി സിറ്റി പൊലീസ്. കൊച്ചിയിലെ ബാര്‍ ഹോട്ടലുകളില്‍ വാരാന്ത്യങ്ങളിലും മറ്റും നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ ലഹരിപ്പാര്‍ട്ടികളാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന വ്യവസ്ഥയേര്‍പ്പെടുത്തുന്നത്. ഇനി മുതല്‍ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്നിന്റേയോ രാസലഹരിയുടേയോ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപന മുതലാളിക്കെതിരേയും നടപടിയെടുക്കും. ഡിജെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപന മുതലാളിമാര്‍ ഉത്തരവാദികളായിരിക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ എസ് ശശിധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കടവന്ത്രയിലെ ഒരു ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്കെത്തിയ മൂന്നംഗ സംഘം ബാര്‍ മാനേജരെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. പ്രതികള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഡിജെ പാര്‍ട്ടികളുടെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്നതായാണ് പൊലീസിന്റെ നിരീക്ഷണം.
മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും ഡിജെ ഹാളുകളില്‍ നടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിതരണക്കാരും മാത്രമാണ് നടപടി നേരിട്ടിരുന്നതെങ്കില്‍ ഇനി മുതല്‍ ഡിജെ സംഘാടകരും നടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു. പാര്‍ട്ടികളിലേക്കെത്തുന്ന യുവാക്കളും യുവതികളും ലഹരി മാഫിയയുടെ വലയില്‍ വീഴുന്നുണ്ടെന്നും സിറ്റി പൊലീസ് നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് സ്ഥാപന ഉടമകള്‍ക്കെതിരായ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നത്. 2021 നവംബര്‍ മാസം ഒന്നാം തീയതി പുലര്‍ച്ചെ ഒരു ഡിജെ പാര്‍ട്ടിക്ക് പിന്നാലെ ഉണ്ടായ വാഹനാപകടത്തിലാണ് മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും കൊല്ലപ്പെട്ടത്.