കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തിനുശേഷവും ‘മാതൃഭൂമി ന്യൂസി’ലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസയച്ച് പോലീസ്. എലത്തൂര്‍ തീവണ്ടി തീവെപ്പുകേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുടെ ദൃശ്യം പകര്‍ത്തിയെന്ന കേസിലാണ് പോലീസ് നിരന്തരം നോട്ടീസയച്ച് പീഡിപ്പിക്കുന്നത്. ഇത് ഹൈക്കോടതിവിധിയുടെ സത്തയ്ക്ക് വിരുദ്ധമാണെന്ന് ‘മാതൃഭൂമി’ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, സ്പെഷ്യല്‍ കറസ്‌പോണ്ടന്റ് സി.കെ. വിജയന്‍, റിപ്പോര്‍ട്ടര്‍ പി. ഫെലിക്സ്, ക്യാമറാമാന്‍ കെ.വി. ഷാജു, യൂണിറ്റ് മാനേജര്‍ ജി. ജഗദീഷ്, ഡ്രൈവര്‍ അസ്ലം എന്നിവര്‍ക്കാണ് അന്വേഷണോദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്. ക്യാമറ, ടി.വി.യു., മെമ്മറി കാര്‍ഡ്, എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ എന്നിവ ഹാജരാക്കാനും നിര്‍ദേശിച്ചു.
പോലീസിന്റെ ഭാഗത്തുനിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ദ്രോഹവും ഉണ്ടാകില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അതിനു വിരുദ്ധമായാണ് ഈ നോട്ടീസ്. അന്വേഷണച്ചുമതലയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് എ.സി.പി.യാണ് നോട്ടീസ് അയച്ചത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതിനെത്തുടര്‍ന്ന് സംസ്ഥാനപോലീസ് മേധാവിക്ക് ‘മാതൃഭൂമി’ നല്‍കിയ പരാതികളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മേയ് 13-ന് നിയമവിരുദ്ധമായി പോലീസ് പിടിച്ചെടുത്ത മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ഫോണുകള്‍ ഇതുവരെ തിരിച്ചുനല്‍കിയിട്ടുമില്ല. ഫോണ്‍ പിടിച്ചെടുത്ത നടപടിയെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ സൂക്ഷിച്ചുവെക്കാറില്ലെന്നിരിക്കെയാണ് അത് ആവശ്യപ്പെട്ടുകൊണ്ട് പോലീസിന്റെ നോട്ടീസ്. സംപ്രേഷണംചെയ്ത ദൃശ്യങ്ങള്‍ മേയ് 29-ന് പോലീസിന് നല്‍കിയിരുന്നു. പോലീസിന്റെ പ്രവൃത്തികള്‍ വീഡിയോയില്‍ പകര്‍ത്തുന്നത് പോലീസ് ആക്ട് സെക്ഷന്‍ 33 (2) അനുസരിച്ച് അനുവദനീയമാണെന്നിരിക്കെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെപേരില്‍ തുടര്‍ച്ചയായുള്ള പീഡനം.